Friday, October 10, 2025

ആലുംമൂടില്‍ പുതിയ സപ്ലൈകോ മാവേലി സ്റ്റോര്‍ ആരംഭിച്ചു. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വ്യാപകമാക്കും: മന്ത്രി ജി ആര്‍ അനില്‍

കുണ്ടറ : സബ്സിഡി ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ഓണക്കാലത്ത് ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഈ മാസം 18ന് ഔദ്യോഗികമായി തുടര്‍ പദ്ധതിയായി പ്രഖ്യാപിച്ച് വ്യാപകമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ആലുംമൂടില്‍ പുതിയതായി ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അതിദരിദ്രരും പട്ടിണിയുമില്ലാത്ത കേരളമെന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയാണ്. ആലുംമൂട് നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പാക്കിയത്. കുണ്ടറ മണ്ഡലത്തിലെ 13മത്തെയും ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ രണ്ടാമത്തെയും മാവേലി സ്റ്റോറാണിത്. 1700 ഔട്ട്ലെറ്റുകളുടെ ശൃംഖലയോടെ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും സാന്നിധ്യമുള്ള പ്രസ്ഥാനമായി സപ്ലൈകോ മാറി. കഴിഞ്ഞ ഓണക്കാലത്ത് കൃത്യമായ വിപണി ഇടപെടലിലൂടെ എല്ലാ അവശ്യസാധനങ്ങളും ന്യായവിലയ്ക്ക് നല്‍കാന്‍ കഴിഞ്ഞു. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അനുവദിച്ചതിനേക്കാള്‍ അധികം അരിയും നല്‍കി. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയാത്ത രീതിയില്‍ വെളിച്ചെണ്ണയ്ക്ക് വില വര്‍ധനവുണ്ടായപ്പോള്‍ കേരഫെഡ്, വിവിധ സഹകരണ സ്ഥാപനങ്ങള്‍, വെളിച്ചെണ്ണ ഉത്പാദകര്‍ തുടങ്ങിയവരുമായി നടത്തിയ ഇടപെടല്‍ മൂലമാണ് വിലക്കുറവില്‍ വെളിച്ചെണ്ണ നല്‍കാന്‍ സാധിച്ചത്. മലയോര മേഖലയിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കി വരികയാണ്. സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ കുറവുള്ള പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ വഴി വ്യാപകമായി സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

 

പി സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. ആദ്യ വില്പന മുന്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉപഭോക്താവിന് നല്‍കി നിര്‍വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഡി അഭിലാഷ്, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ എസ് പ്രസന്നകുമാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ജയകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി ശ്രീജ, അഡ്വ. ഫാറൂഖ് നിസാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആമിന ഷെരീഫ്, ഷീലാ കുമാരി, എം സെയ്ഫുദ്ദീന്‍, മെമ്പര്‍മാരായ കെ മിനി, ശ്രീജിത്ത്, ജലജാ ഗോപന്‍, ജലജകുമാരി, ബിനി തോമസ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയമോള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി വി മോഹനകുമാര്‍, തിരുവനന്തപുരം സപ്ലൈകോ മേഖലാ മാനേജര്‍ എസ് ആര്‍ സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts