Monday, March 2, 2026

കുണ്ടറ സ്വദേശിയായ നഴ്‌സിന് ബ്രിട്ടീഷ് രാജാവിനൊപ്പം വിരുന്നു സൽക്കാരം; രാജകീയ അംഗീകാര നിറവിൽ ഷൈനി സ്‌കറിയ

കുണ്ടറ : യുകെയിലെ ‘സോഷ്യൽ കെയർ ഓസ്കാർ’ എന്നറിയപ്പെടുന്ന വെയിൽസ് കെയർ അവാർഡിൽ ഗോൾഡ് മെഡൽ നേടിയതിന് പിന്നാലെ ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനോടൊപ്പം പ്രത്യേക വിരുന്നിൽ പങ്കെടുത്തു രാജാവിനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് മലയാളി നഴ്സ് കൊല്ലം കുണ്ടറ സ്വദേശി ഷൈനി സ്കറിയ. പുരസ്‌കാര നേട്ടത്തിന് പിന്നാലെ ലഭിച്ച ഈ രാജകീയ അംഗീകാരം യുകെ മലയാളി സമൂഹത്തിനും നാടിനും അഭിമാനമായി.

കലാ, സാംസ്കാരിക, സാമൂഹിക, ആരോഗ്യ സേവന മേഖലകളിൽ ശ്രദ്ധേയരായവർക്കായി ചാൾസ് രാജാവ് ഒരുക്കിയ പ്രത്യേക വിരുന്നിലേക്കാണ് ഷൈനിക്ക് ക്ഷണം ലഭിച്ചത്. രാജാവും കാമിലാ രാജ്ഞിയും പ്രധാനമന്ത്രി കിയ സ്റ്റാമറും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പങ്കുചേരാനും സംവദിക്കാനും ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത നിമിഷമാണെന്ന് ഷൈനി പറഞ്ഞു.

രാജകീയ വേദിയിൽ കിങ് ചാൾസുമായി നേരിട്ടുള്ള സൗഹൃദസംഭാഷണത്തിനും ഷൈനിക്ക് അവസരം ലഭിച്ചു. 2013-ൽ കേരളം സന്ദർശിച്ച അനുഭവവും, തന്റെ 65-ാം ജന്മദിനം കുമരകത്ത് ആഘോഷിച്ചതുമാണ് രാജാവ് ഓർമ്മിപ്പിച്ചത്. കേരളം അതീവ മനോഹരമായ നാടാണെന്നും, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് ലോകത്തിന് കേരളം നൽകുന്ന സംഭാവനകൾ പ്രശംസനീയമാണെന്നും കിങ് ചാൾസ് പരാമർശിച്ചതായി ഷൈനി വ്യക്തമാക്കി.

മുൻപ് ‘വെയിൽസ് കെയർ അവാർഡ് 2025’ ലെ ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി ഷൈനി ശ്രദ്ധേയയായിരുന്നു. കാർഡിഫിലെ ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെയിൽസിലെ ആരോഗ്യ മന്ത്രി ജെറമി മൈൽസാണ് പുരസ്‌കാരം സമ്മാനിച്ചത്.

വെയിൽസിലെ റെയാഡറിലുള്ള കരോൺ ഗ്രൂപ്പിൽ സീനിയർ നഴ്സായി സേവനം അനുഷ്ഠിക്കുന്ന ഷൈനി സൗദി അറേബ്യയിലെ റിയാദിലെ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്ത പരിചയവുമായി 2020 ലാണ് യുകെയിൽ എത്തിയത്.

കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം പുതുശ്ശേരിക്കോണം സ്വദേശിനിയായ ഷൈനി ആതുരസേവന രംഗത്ത് ആത്മാർത്ഥ സേവനം തുടർന്നു കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭർത്താവ്. മക്കൾ: മന്ന, ഹന്ന

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts