Tuesday, August 26, 2025

കുണ്ടറ വാട്ടർ അതോറിറ്റി ഓഫീസ് ജനപ്രതിനിധികൾ ഉപരോധിച്ചു

കുണ്ടറ 5.5.2024: പേരയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പേരയം ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണ സമിതി അംഗങ്ങൾ കുണ്ടറ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

കൊട്ടാരക്കര എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മഞ്ചുമോൾ, അസിസ്റ്റന്റ് എഞ്ചിനീയർ ആർ. ബോസ് എന്നിവരുടെ നേതൃത്ത്വത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമായ പേരയം, പടപ്പക്കര, കാഞ്ഞിരകോട് എന്നീ പ്രദേശങ്ങളിൽ അടിയന്തിരമായി ജലവിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

പടപ്പക്കരയിൽ രണ്ട് വർഷത്തോളമായി ജലവിതരണം മുടങ്ങി കിടക്കുന്ന നെല്ലി മുക്കം, ഫാത്തിമ ജംഗ്ഷൻ,ആനപ്പാറ, കുതിര മുനമ്പ് പ്രദേശങ്ങളിൽ തിങ്കളാഴ്ച ഉദ്യോഗസ്ഥരെത്തി വാൽവ് പരിശോധന നടത്തി തകരാർ കണ്ടെത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടർച്ചയായി ഈ പ്രദേശത്ത് പമ്പിംഗ് നടത്തും. തുടർന്ന് പുതിയ വാൽവുകൾ സ്ഥാപിക്കേണ്ട സ്ഥലത്ത് വാൽവുകൾ സ്ഥാപിക്കും. ജല ജീവൻ മിഷൻ പദ്ധതിയിൽ കരാറുകാർ കാലതാമസം വരുത്തുന്നതിനാൽ അറ്റകുറ്റപണികൾ അടക്കമുള്ളവ ജല അതോറിറ്റി നേരിട്ട് ചെയ്ത് കൊടുക്കാമെന്നും ചർച്ചയിൽ തീരുമാനമായി.

വെള്ളം ലഭിക്കാതെ ബിൽ വരുന്നത് സംബന്ധിച്ചുള്ള പരാതികൾ പൈസ അടയ്ക്കാതെ ഒഴിവാക്കി നൽകാമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ രേഖാമൂലം സമരക്കാർക്ക് ഉറപ്പു നൽകി. വൈകുന്നേരം ആറ് മണി വരെ ഓഫീസ് ഉപരോധം തുടർന്നു. ജീവനക്കാരുൾപ്പെടെ ആർക്കും ഓഫീസിൽ നിന്ന് സമരം കഴിയും വരെ പുറത്ത് പോകാൻ കഴിഞ്ഞില്ല.പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉപരോധം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലത ബിജു , രജിതകുമാരി , വിനോദ് പാപ്പച്ചൻ ,വൈ. ചെറുപുഷ്പം, ബി.സുരേഷ് എന്നിവർ നേതൃത്ത്വം നൽകി.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts