ജോലി ചെയ്തതിന്റെ കൂലി കിട്ടാത്തതിന് ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി കെ എസ് ആർ ടി സി
കോട്ടയം : ജോലി ചെയ്തതിന്റെ കൂലി 41 ദിവസമായിട്ടും കിട്ടാത്തതിന് ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ച വനിതാ കണ്ടക്ടർ ഗവണ്മെന്റിനെയും കെ എസ് ആർ ടി സി യെയും അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് സ്ഥലം മാറ്റിയത്. വൈക്കം ഡിപ്പോയിൽ ജോലി ചെയ്തിരുന്ന അഖില എസ് നായർ എന്ന വനിതാ കണ്ടക്ടറെയാണ് വൈക്കത്തുനിന്നും നിന്നും പാലാ ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. ‘ശമ്പളം തന്നില്ലെങ്കിൽ ഇനിയും പ്രതിഷേധിക്കുമെന്ന് കെഎസ്ആർടിസി അധികൃതരോട് അഖില പറഞ്ഞു. ജനുവരി 11ന് ആണ് അഖില പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.
‘2022 ഡിസംബറിലെ ശമ്പളം കിട്ടാതെ വന്നതോടെ വീട്ടുകാര്യങ്ങൾ താളംതെറ്റി. ഭർത്താവ് ശെൽവരാജ് ക്ഷേത്രങ്ങളിലെ സപ്താഹ ആചാര്യനാണ്. സ്ഥിരവരുമാനമില്ല. അഖിലയുടെ ശമ്പളം കൊണ്ടാണു കുടുംബം കഴിയുന്നത്. വീട്ടുചെലവുകളും വായ്പകളുടെ തിരിച്ചടവുമുണ്ട്. മകന്റെ കാര്യങ്ങളും നോക്കണം. സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്. താൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ – ടിവി പുരം സ്വദേശിയായ അഖില പറഞ്ഞു.
വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയാണു പാലാ ഡിപ്പോ. പുലർച്ചെയുള്ള ഡ്യൂട്ടിയാണെങ്കിൽ തലേന്നു വൈകിട്ടുതന്നെ പോകണം. താമസിച്ചാൽ വീട്ടിലെത്താനും കഴിയില്ല. വൈക്കത്തുള്ളതുപോലെ പാലായിൽ സ്ത്രീകൾക്കു വിശ്രമമുറിയില്ലെന്നും അഖില പറഞ്ഞു.
എംഎസ്‌സിയും ബിഎഡുമുള്ള അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാരസമരം നടത്തിയിരുന്നു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം