Tuesday, August 26, 2025

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് കോട്ടയം മെഡിക്കൽ കോളജ്.

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച്
കോട്ടയം മെഡിക്കൽ കോളജ്.

ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. കോട്ടയം മെഡിക്കൽ കോളജിൽ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവൻ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനമറിയിച്ചു.

തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കേണ്ടതും എന്നാൽ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാൻ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോർട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോർട്ടിക് വാൽവിന് ചോർച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്.

ടാവിക്ക് സാധാരണ വാൽവ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ എന്നിവരിൽ ഹൃദയം തുറന്നുള്ള (ഓപ്പൺ ഹാർട്ട് സർജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ യുള്ള രോഗികൾക്ക് ഗുണകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ്, ഡോ. ആശിഷ് കുമാർ, ഡോ. എൻ. ജയപ്രസാദ്, ഡോ. സുരേഷ് മാധവൻ, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്സുമാരായ എലിസബത്ത്, ഗോപിക, ടെക്നീഷ്യന്മാരായ അരുണ, ജിജിൻ, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ടാവിക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂർത്തീകരിക്കാനായി.

News Desk : 6-2-2023
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts