കൊല്ലം ജില്ലയിൽ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ ആശ്രാമം മൈതാനത്തു വച്ച് നടക്കുന്ന ആഘോഷമാണ് കൊല്ലം പൂരം.
റെയിൽവേ സ്റ്റേഷന് അടുത്തുള്ള പുതിയകാവ് ഭഗവതി ക്ഷേത്രവും സിവിൽ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രവുമാണ് ഈ ആഘോഷത്തിലെ പ്രധാന പങ്കാളികൾ. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വിപുലമായി ആഘോഷിക്കുന്ന തൃശ്ശൂർ പൂരം പോലെയുള്ള പൂരങ്ങൾ തെക്കൻ ജില്ലക്കാർക്കു കൂടി ആസ്വദിക്കുവാനായി 1992-ൽ ആരംഭിച്ചതാണ് കൊല്ലം പൂരം.
കൊല്ലം ജില്ലയിലെ പതിമൂന്ന് ക്ഷേത്രങ്ങളിലെ ദേവീദേവൻമാരുടെ തിടമ്പുമായി കൊമ്പനാനകളും വാദ്യമേളങ്ങളും ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് പൂരം ആരംഭിക്കുന്നത്. ഗജവീരൻമാരുടെ നീരാട്ടിനും ആനയൂട്ടിനും ശേഷം പ്രശസ്ത വാദ്യമേളക്കാർ നയിക്കുന്ന ആൽത്തറമേളം അഥവാ തിരുമുമ്പിൽ മേളം നടക്കുന്നു. താമരക്കുളം മഹാഗണപതി ക്ഷേത്രത്തിലെയും പുതിയകാവ് ദേവീക്ഷേത്രത്തിലെയും സംഘങ്ങൾ ആശ്രാമം മൈതാനത്ത് മുഖാമുഖം അണിനിരന്ന് നടത്തുന്ന കുടമാറ്റമാണ് കൊല്ലം പൂരത്തിലെ പ്രധാന ആകർഷണം.
മണിക്കൂറുകൾ നീണ്ട കുടമാറ്റത്തിനുശേഷം ഇരുകൂട്ടരും അടുത്ത വർഷം കാണാം എന്നുപറഞ്ഞുകൊണ്ട് ഉപചാരം ചൊല്ലി പിരിയുന്നു. പിന്നീടു നടക്കുന്ന വെടിക്കെട്ടോടെ പൂരം സമാപിക്കുന്നു. കൊല്ലം പൂരം കാണുന്നതിനായി സമീപജില്ലകളിൽ നിന്നുപോലും വൻ ജനക്കൂട്ടമാണ് ഓരോവർഷവും ഇവിടെയെത്തുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. 062388 95080