Monday, March 9, 2026

കൊല്ലം കാവനാട് മുക്കാട്ടുകടവ്- ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍ തുരുത്ത് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

കൊല്ലം : സംസ്ഥാനത്ത് മികവുറ്റ ഗതാഗതസൗകര്യങ്ങള്‍ സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മിച്ച കാവനാട് മുക്കാട്ടുകടവ്-ഫാത്തിമ ഐലന്‍ഡ്, ഫാത്തിമ ഐലന്‍ഡ്-അരുളപ്പന്‍തുരുത്ത് പാലങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

541 കോടി രൂപ ചിലവഴിച്ച് 17 പൊതുമരാമത്ത് പദ്ധതികള്‍ നടപ്പിലാക്കി. പാലങ്ങള്‍, ഫ്‌ളൈഓവറുകള്‍, ക്രോസ്‌വേകള്‍, കലുങ്കുകള്‍ തുടങ്ങിയവ നിര്‍മിച്ചു. റോഡുകള്‍ അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കാന്‍ സാധിച്ചു. പ്രളയദുരന്തത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണം. തീരദേശ, മലയോര ഹൈവേകള്‍ക്കുള്ള പദ്ധതിയും നടപ്പാക്കി. ദേശീയ ജലപാത റീച്ച് പൂര്‍ത്തീകരിച്ചു. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ വഴി വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു. കാര്‍ഷിക, ജലസേചന, ടൂറിസം മേഖലകളിലും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുക്കാട് പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. തുരുത്തുകള്‍ ബന്ധിപ്പിക്കാന്‍ അപ്പ്രോച്ച് റോഡുകളും നിര്‍മിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

മുക്കാട്ടുകടവ്- ഫാത്തിമ ഐലന്‍ഡ് പാലത്തിന് 183.33 മീറ്റര്‍ നീളവും ഫാത്തിമ ഐലന്‍ഡ് – അരുളപ്പന്‍ തുരുത്ത് പാലത്തിന് 78.6 മീറ്റര്‍ നീളവുമാണ്. സഞ്ചാരപാതയും നടപ്പാതയും ഉള്‍പ്പെടും. പാലങ്ങളുടെ ഇരുകരകളിലുമായി അപ്രോച്ച് റോഡുകളും നിര്‍മിച്ചു. കിഫ്ബിയില്‍ നിന്നും 25.7 കോടി രൂപ ചിലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മുക്കാട് ഇടവക സഹവികാരി പ്രശാന്ത്, പാലം നിര്‍മാണ ബെനിഫിഷ്യറി കമ്മിറ്റി സെക്രട്ടറി ജോസഫ് തോബിയാസ്, കഥാകൃത്ത് എഡ്വേര്‍ഡ് നസ്രത്ത്, മുന്‍ കൗണ്‍സിലര്‍ ജാനറ്റ് ഹണി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts