മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ ദീർഘകാലമായി ജനങ്ങൾ അനുഭവിച്ചുവരുന്ന ലെവൽ ക്രോസിംഗ് ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനായി വിവിധ റോഡ് ഓവർ ബ്രിഡ്ജ് (ROB) പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി ആകെ ആറു ആർ.ഒ.ബി പദ്ധതികളാണ് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
കൊല്ലം ജില്ലയിലെ ആവണീശ്വരം ലെവൽ ക്രോസിംഗിൽ നിർദേശിച്ച ആർ.ഒ.ബി പദ്ധതി 2020–21 കാലയളവിൽ അംഗീകരിക്കപ്പെട്ടതാണ്. ഈ പദ്ധതിക്ക് 100 ശതമാനം റെയിൽവേ ഫണ്ടിംഗ് നൽകുന്നതിനുള്ള ജനറൽ മാനേജറുടെ ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചിട്ടുണ്ട്. KRDCL നെ നിർവഹണ ഏജൻസിയായി നിയമിച്ചിരിക്കുന്ന പദ്ധതിക്ക് സർക്കാർ തലത്തിലുള്ള GAD അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ലെവൽ ക്രോസിംഗിൽ ആർ.ഒ.ബി നിർമ്മാണത്തിനുള്ള പദ്ധതി 2016–17ൽ അംഗീകരിച്ചതാണെന്നും, 2022 ജൂലൈയിൽ GAD അംഗീകാരം ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ കായംകുളം–കൊല്ലം റെയിൽവേ സെക്ഷനിലെ ഗതാഗത തടസ്സങ്ങൾ ഗണ്യമായി കുറയും.
ആലപ്പുഴ ജില്ലയിൽ തൃപ്പകുടം റെയിൽവേ മേൽപ്പാല നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മാവേലിക്കര കല്ലുമല ലെവൽ ക്രോസിംഗിൽ നിർദേശിച്ച ആർ.ഒ.ബി പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതിനെ തുടർന്ന് RBDCK മുഖേന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കോട്ടയം ജില്ലയിലെ നാലുകോടിയിലും വടക്കേക്കരയിലും ആർ.ഒ.ബി പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ തകഴിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും ആർ.ഒ.ബി പദ്ധതികൾക്ക് 2023–24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഇരുവിടങ്ങളിലും 100 ശതമാനം റെയിൽവേ ഫണ്ടിംഗ് അനുവദിക്കുന്നതിന് ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, KRDCL മുഖേന നിർവഹണം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. GAD അംഗീകാരം ലഭിക്കുന്നതോടെ ഈ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
