കേരളം വിദ്യാഭാസ -ആരോഗ്യ രംഗത്തെ ഹബ്ബായി മാറുന്നു: മന്ത്രി കെ. എൻ ബാലഗോപാൽ
കൊല്ലം : മികച്ച വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും നൽകി കേരളം വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ ഹബ്ബായി മാറുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം കുരീപ്പുഴയിലെ ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ചുവർഷം പൂർത്തിയാകുമ്പോൾ നിലവിൽ 75000 പഠിതാക്കളുമായി വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി. ലോകത്തെവിടെയിരുന്നും നിബന്ധനകളില്ലാതെ ഏത് പ്രായത്തിലും പഠിക്കാൻ അവസരം ഒരുക്കുന്നതിലൂടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോളജ് സങ്കല്പങ്ങൾക്ക് മാറ്റംവരുത്തുകയാണ്. 30 ബിരുദ- ബിരുദാനന്തര കോഴ്സുകളും മൂന്ന് സർട്ടിഫിക്കറ്റ് കോഴ്‌സുകളും കേരളത്തിലാകമാനം 45 പഠനകേന്ദ്രങ്ങളും 60 പരീക്ഷാ കേന്ദ്രങ്ങളുമായി രാജ്യത്തെ തന്നെ മാതൃകാ സർവകലാശാലയായി മാറി. ഡിസൈൻ പ്രവൃത്തികൾ പൂർത്തിയായാലുടൻ യൂണിവേഴ്സിറ്റിയുടെ മുണ്ടയ്ക്കലിലുള്ള ആസ്ഥാനമന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി ആസ്ഥാന കെട്ടിടത്തിന്റെ മാസ്റ്റർപ്ലാനിന്റെ അനാച്ഛാദനം മന്ത്രി കെ എൻ ബാലഗോപാൽ സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി. സുഗുണന് നൽകി നിർവഹിച്ചു. കുരീപ്പുഴ ശ്രീകുമാർ രചിച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഈണം നൽകിയ സർവകലാശാല ഗീതത്തിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ വീഡിയോ സന്ദേശത്തിലൂടെ യൂണിവേഴ്സിറ്റിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സന്ദേശം സിൻഡിക്കേറ്റ് അംഗം വി പി പ്രശാന്ത് വായിച്ചു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഘണ്ടാ ചക്രപാണി മുഖ്യാതിഥിയായി.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിർമിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത വെർച്വൽ അധ്യാപകൻ ‘ഡിജി ഗുരുവിനെ’ ചടങ്ങിൽ പരിചയപ്പെടുത്തി. പുതിയ അക്കാദമിക് കോഴ്സുകളായ എം.ബി.എ, എം.സി.എ പ്രൊഫഷണല്‍ പ്രോഗ്രാമുകളുടെയും ബി.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്.ഡബ്ല്യു, ബി.എസ് സി മള്‍ട്ടിമീഡിയ, എം.എസ് സി മാത്തമാറ്റിക്‌സ് തുടങ്ങിയവയുടെ പ്രഖ്യാപനവും നടത്തി. പഠനസാമഗ്രികൾ പഠിതാക്കൾക്ക് പോസ്റ്റ് വഴി അയയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം എം നൗഷാദ് എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, വൈസ് ചാന്‍സലര്‍ വി പി ജഗതിരാജ്, കവി കുരീപ്പുഴ ശ്രീകുമാർ, സിൻഡിക്കേറ്റ് അംഗം അഡ്വ വി പി പ്രശാന്ത്,രജിസ്ട്രാർ ഡോ. എ പി സുനിത, സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എസ് വി സുധീർ, മുൻ സിൻഡിക്കേറ്റ് അംഗം ബിജു കെ.മാത്യു, കൗൺസിലർ ഗിരിജാ തുളസീധരൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ ജി. ഇന്ദുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080