Tuesday, August 26, 2025

‘എനിക്കും വേണം ഖാദി’ വൈവിധ്യത്തിന്റെയും വിലക്കുറവിന്റെയും വിപണിയൊരുക്കി ഖാദിബോര്‍ഡ് മേള

കൊല്ലം : പരുത്തി മുതല്‍ പട്ടുടയാടകള്‍ വരെ നീളുന്ന വസ്ത്രവൈവിധ്യവും തേനിന്റെമധുരവും ചന്ദനതൈലത്തിന്റെ വാസനയും നിറയുന്ന വേറിട്ട വിപണിയാണ് ജില്ലയില്‍ ഖാദിബോര്‍ഡ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണത്തിന്റെ കേളികൊട്ടായി മാറുന്നു ഖാദി വില്‍പനകേന്ദ്രങ്ങളിലെ ഉത്പന്നനിര. ‘എനിക്കും വേണം ഖാദി’ എന്ന സന്ദേശമുയര്‍ത്തിയാണ് നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളുമായി വില്‍പന. ആകര്‍ഷകമായ വിലക്കിഴിവും പ്രത്യേകതയാണ്.

കരവിരുതിന്റെ അടയാളപ്പെടുത്തലാണ് ഖാദിവസ്ത്രങ്ങള്‍. പ്രകൃതിസൗഹൃദ നിര്‍മിതിയിലൂടെ ചൂടുകാലാവസ്ഥയിലും അനുയോജ്യമായവ. പരുത്തി നൂലിന്റെ ഇഴയടുപ്പത്തിലെ വ്യത്യസ്തതയാണ് ഉടയാടകളെ വേറിട്ടതാക്കുന്നത്.

പരമ്പരാഗതരീതിയിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം യുവതയുടെ അഭിരുചികളിലേക്കും മാറിയിട്ടുണ്ട് ഖാദി വസ്ത്രങ്ങള്‍. ഇക്കുറി ഡിസൈനര്‍ വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്നുവെന്നതാണ് ആകര്‍ഷണം. ഭാഗ്യശ്രീ ഖാദി ഫാഷന്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്. കൊല്ലം നെയ്ത്ത്‌കേന്ദ്രങ്ങളും നെടുമ്പന റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റും ചേര്‍ന്ന് ഉദ്പ്പാദിപ്പിച്ച വസ്ത്രങ്ങളാണ് വില്‍പനയ്ക്ക്.

ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ കൊട്ടാരക്കര, കര്‍ബല ഗ്രാമസൗഭാഗ്യകളിലൂടെയാണ് വില്‍പന. കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോംപ്ലക്‌സിലും, വിവിധസ്‌കൂളുകളിലും ഓഫീസുകളിലും പ്രത്യേക മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടന്‍, പ്രിന്റഡ് സില്‍ക്ക്, മനില ഷര്‍ട്ടിങ്, കാന്താ സില്‍ക്ക്, ജ്യൂട്ട് സില്‍ക്ക്, പയ്യന്നൂര്‍ പട്ട്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ധോത്തികള്‍, കുഞ്ഞുടുപ്പുകള്‍ നവീനരീതിയില്‍ ഡിസൈന്‍ ചെയ്ത ചുരിദാര്‍ടോപ്പുകള്‍, കുര്‍ത്തികള്‍, തുടങ്ങിയവ ലഭിക്കും. പഞ്ഞികിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍, കാര്‍പെറ്റുകള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളായ തേന്‍, എള്ളെണ്ണ, ചന്ദനതൈലം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കരകൗശലഉല്‍പ്പന്നങ്ങള്‍ എന്നിവയും ലഭ്യമാണ്.

വിദേശരാജ്യങ്ങളിലേക്കും ഖാദിവസ്ത്രങ്ങള്‍ കയറ്റി അയക്കാന്‍ ഒരുങ്ങുകയാണ് ഖാദി ബോര്‍ഡ്. ഡിസൈനര്‍ വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. വൈബ്‌സ് ആന്‍ഡ് ട്രെന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ വ്യാപാരം.
സെപ്റ്റംബര്‍ നാലുവരെയാണ് ഇക്കൊല്ലത്തെ ഓണംമേള. ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. 1000 രൂപ മുതലുള്ള ലീഡര്‍ ഷര്‍ട്ടുകളും 700 രൂപ മുതലുള്ള ലേഡീസ് ടോപ്പുകളും 1500 മുതലുള്ള ഡിസൈനര്‍ വസ്ത്രങ്ങളും ലഭ്യമാണ്.

ഓര്‍ഡര്‍ അനുസരിച്ച് പരിസ്ഥിതി സൗഹൃദ അഡ്വക്കേറ്റ് കോട്ടുകളും ഖാദി സ്റ്റോറുകളിലുണ്ട്. ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ബജാജ് ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.

ജില്ലയിലെ ഖാദി ഉല്‍പ്പന്ന യൂണിറ്റുകളില്‍ പ്രതിവര്‍ഷം 60000 സ്‌ക്വയര്‍ മീറ്റര്‍ തുണി നെയ്യുന്നു. 2024-25 സാമ്പത്തിക വര്‍ഷം 3,75,80,813 രൂപയുടെ വിറ്റു വരവ് ലഭിച്ചു. ഇത്തവണ 8 കോടിരൂപയുടെ ഓണവില്‍പനയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഹരിപ്രസാദ് അറിയിച്ചു.
ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 9 നു ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്‍ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts