കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രയ്ക്ക് മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം.
അരീക്കോട് (മലപ്പുറം): സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പരം കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. ജനങ്ങളുടെ മുൻകൈയിൽ ഇവിടെ നടക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്.
ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും അതിനു മുമ്പും നമ്മുടെ നാടിനു വേണ്ടി ചരിത്രത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായി സമരങ്ങൾ നടന്ന പ്രദേശമാണ് മലപ്പുറം. നിർഭാഗ്യവശാൽ മലപ്പുറത്തെ തെറ്റായ മുൻവിധികളോടെ സമീപിക്കുന്ന രീതി ഇന്ന് പലയിടങ്ങളിലും ഉണ്ട്. അതിൻ്റെ ഭാഗമായി മലപ്പുറത്തെ ഭീകരമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇവിടുത്തുകാരെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. അതിനെയെല്ലാം സഹിക്കുകയും വിവേകത്തോടെ സമീപിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യവും മലപ്പുറത്തിനുണ്ട്. ഈ നാടിനെ നേരിട്ടനുഭവിച്ചവർക്കൊക്കെ അറിയാവുന്ന കാര്യമാണത്. പരസ്പര സ്‌നേഹത്തിൻ്റെയും സഹിഷ്‌ണുതയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും വലിയ വലിയ മാതൃകകൾ മലപ്പുറം പോലെ മറ്റെവിടെയാണ് നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുക?
ഈ നാടിനെതിരെ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ചിലർ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കലെങ്കിലും മലപ്പുറത്ത് വന്നിട്ടുള്ള, ഈ ജില്ലയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവർക്കറിയാം ഇവിടുത്തുകാരുടെ സഹവർത്തിത്തവും സ്‌നേഹവും. എൻ്റെ ദീർഘകാലത്തെ പരിചയത്തിൽ എനിക്കിത് നന്നായറിയാം. മലപ്പുറത്ത് ജോലി ചെയ്ത പല ഉദ്യോഗസ്ഥരും ഈ ജില്ലയെ കുറിച്ചും ഇവിടുത്തെ നാട്ടുകാരെ കുറിച്ചുമുള്ള അവരുടെ മികച്ച അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് ഞാൻ നേരിൽ കേട്ടിട്ടുമുണ്ട്. ജാതിയോ മതമോ മറ്റോ നോക്കാതെ വേദനിക്കുന്ന മനുഷ്യരെ ചേർത്തുപിടിച്ച എത്രയോ അനുഭവങ്ങൾ ഉള്ള നാടാണിത്. ഈ നാടിനെ അപഹസിക്കുന്നവർ നമ്മുടെ നാടിന്റെ സൗഹൃദത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആണ്. രാവും പകലും അദ്ധ്വാനിച്ച് പഠിച്ചു ഉന്നതങ്ങളിലെത്തുന്ന വിദ്യാത്ഥികളെ അഭിനന്ദിക്കുകയല്ലേ വിവരവും വിവേകവുമുള്ള മനുഷ്യർ ചെയ്യേണ്ടത്? ആ കുട്ടികളെ പോലും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഉണ്ടാവുന്നത് ഖേദകരമാണ്. ഈ ജില്ലയിൽ നിന്നുള്ള മാതൃകകകൾ പകർത്താൻ ആണ് ആളുകൾ തയ്യാറാകേണ്ടത്. കാന്തപുരം പറഞ്ഞു.
കേരളയാത്രയെ ഏഴാം ദിവസം ജില്ലാ അതിർത്തിയായ വഴിക്കടവിൽ സുന്നീ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും
സ്വീകരിച്ചു. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്തും സ്വീകരിക്കാനെത്തി.
മലപ്പുറത്തേക്കുള്ള യാത്രയിൽ വഴിയോരങ്ങളിൽ യാത്രയെ അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങൾ അണിനിരന്നു. മലപ്പുറത്ത് സ്‌നേഹവിരുന്നും നടന്നു. അരീക്കോട് നഗരത്തിൽ റാലിയും സെൻ്റിനറി ഗാർഡ് പരേഡും നടന്നു. മീരാന്‍ മുസ്‌ലിയാർ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. പൊൻമള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
ഫലസ്തീൻ അംബാസിഡർ അബ്ദുല്ല മുഹമ്മദ് അബുഷാവേസ് ഉദ്ഘാടനം ചെയ്തു. യാത്രാ ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസംഗിച്ചു. സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വണ്ടൂർ അബ്‌ദുൽ റഹ്‌മാൻ ഫൈസി , ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, ആര്യാടൻ ഷൗക്കത്ത് എം എൽ എ, എ വിജയരാഘവൻ, ഫാദർ തോമസ് കുര്യൻ താഴയിൽ കോർ എപ്പിസ്‌കോപ്പ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി, വി.എസ്. ജോയ്, അഡ്വ.സഫീർ, വി.ആർ അനൂപ് സംബന്ധിച്ചു. വടശ്ശേരി ഹസൻ മുസ്‌ലിയാർ സ്വാഗതവും മുനവ്വർ നന്ദിയും പറഞ്ഞു.
കേരളയാത്രക്ക് ജനുവരി 8 ന് തിരൂർ, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
