Friday, March 6, 2026

കടയ്ക്കോട് വിശ്വംഭരൻ സ്മാരക കാഥിക പുരസ്കാരം ഇടക്കൊച്ചി സലിംകുമാറിനും, സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിക്കും

എഴുകോൺ : കാഥിക ശ്രേഷ്ഠനും ഭാഷാ പണ്ഡിതനും പുരോഗമന ചിന്തകനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം പുരോഗമന കലാ സാഹിത്യ സംഘവും, കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിംകുമാർ അർഹനായി.

ഈ വർഷത്തെ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരി ക്കാണ്. പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന കാവ്യസമാഹാരമാണ് അവാർഡിനർഹമായത്. എൻ.എസ്. സുമേഷ് കൃഷ്ണൻ്റെ ‘എൻ്റെയും നിങ്ങളുടെയും മഴകൾ’,ജയശ്രീ പള്ളിക്കലിൻ്റെ ‘കടലിനേക്കാൾ നീലിച്ച് കനലിനേക്കാൾ ചുവന്ന്’, അരുൺകുമാർ അന്നൂരിൻ്റെ ‘ചെറുമൻ്റെ പാട്ട്’ എന്നീ കാവ്യ സമാഹരങ്ങൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.

കഥാ പ്രസംഗ രംഗത്ത് 47 വർഷം പിന്നിടുന്ന സലിംകുമാർ പതിനായിരത്തോളം വേദികളിലായി 61കഥകൾ പറഞ്ഞു. 20 -ൽ പരം കഥകൾ സ്വന്തമായി രചിച്ചവതരിപ്പിച്ചവയാണ്. 2012 ൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ കലാശ്രീ പുരസ്കാരത്തിന് അർഹനായി. സ്വാമി സത്യദേവൻ, കെടാമംഗലം,പ്രൊഫ. വി. സാംബശിവൻ തുടങ്ങിയവരുടെ പേരിലുള്ള കഥാപ്രസംഗ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.പ്രശസ്ത കാഥികനായിരുന്ന ഇടക്കൊച്ചി പ്രഭാകരൻ്റെ മകനാണ്.

ചരിത്ര പാഠങ്ങളും, പ്രകൃതിയുടെ സൗന്ദര്യവും സാമൂഹ്യ ജീവിതത്തിൻ്റെ സങ്കീർണ്ണതകളും വികാരങ്ങളും പ്രകടമാക്കുന്നവയാണ് പുരസ്കാരം നേടിയ മാധവൻ പുറച്ചേരിയുടെ കവിതകൾ.

ഡോ. വസന്തകുമാർ സാംബശിവൻ ചെയർമാനായ ജൂറിയാണ് സമഗ്ര സംഭാവനാ പുരസ്കാരം നിർണ്ണയിച്ചത്. കല്ലട വി. വി. ജോസ്, കടയ്ക്കോട് ബി. സാംബശിവൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ചെയർമാനായ ജൂറിയാണ് സാഹിത്യ പുരസ്കാരം നിർണ്ണയിച്ചത്. ഡോ. സി. ഉണ്ണികൃഷ്ണൻ, അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ അംഗങ്ങളായിരുന്നു.

23 -ന് വൈകിട്ട് ആറിന് എഴുകോൺ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഉച്ചയ്ക്ക് രണ്ടിന് കാഥിക സംഗമം പ്രൊഫ.വി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് യുവ കാഥികരുടെ കഥാ പ്രസംഗങ്ങളും നടക്കും. രാജീവ്കുമാർ നരിക്കൽ, സി.എൻ.സ്നേഹലത, അഭിനന്ദ പി അരവിന്ദ്, റാണി മോനച്ചൻ, ദർഷി ത് എം.ജെ, ഐശ്വര്യ രാജ്, ശ്രീലക്ഷ്മി.എസ് എന്നിവർ കഥാ പ്രസംഗങ്ങൾ അവതരിപ്പിക്കും.

രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തിൽ പി.എ.എബ്രഹാം പതാക ഉയർത്തും. അനുസ്മരണ യോഗത്തിൽ വിവിധ മേഖലകളിൽ പ്രതിഭകളായവരെയും കലോത്സവ വിജയികളായ കഥാപ്രസംഗ പ്രതിഭകളെയും ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷും സെക്രട്ടറി വി. സന്ദീപും പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts