Friday, March 13, 2026

പ്രവർത്തന മികവിൽ കൊല്ലം ജില്ലാ കലക്ടറേറ്റിന് ഐഎസ്ഒ അംഗീകാരം

കൊല്ലം : ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം സർട്ടിഫിക്കറ്റ് ഐഎസ്ഒ 9001:2015 അംഗീകാരം കൈവരിച്ച് ജില്ലാ കലക്ടറേറ്റ്. പ്രവർത്തന നിലവാരം, പശ്ചാത്തല സൗകര്യം, പൊതുജനസേവനം തുടങ്ങിയ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ. ജില്ലാ ഭരണ നിർവഹണം, ലാൻഡ് റവന്യൂ പ്രവർത്തനങ്ങൾ, ദുരന്തനിവാരണം, ക്രമസമാധാനം എന്നിവയുടെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും നടത്തി സർക്കാർ നിക്ഷിപ്തമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി നിർവഹിച്ചുമാണ് നേട്ടം.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി ഉദ്ഘാടനവും ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ഫലകത്തിന്റെ പ്രകാശനവും നിർവഹിച്ചു. ജില്ലാ കലക്ടർ എൻ ദേവിദാസ് അധ്യക്ഷനായി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എൻ വി രാജു വിശിഷ്ടാതിഥിയായി.

ഐഎസ്ഒ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണമേ• ഉറപ്പുവരുത്തുന്നതിന് ക്വാളിറ്റി സർക്കിൾ രൂപീകരിക്കുകയും പൊതുജന അഭിപ്രായം അറിയുന്നതിന് പൗരസർവേ നടത്തുകയും ചെയ്തു. കിലയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. 1964 കാലഘട്ടം മുതൽ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിരുന്ന എല്ലാ ഫയലുകളും ഡിജിറ്റൈസ് ചെയ്തു. ഏത് ഫയലും മൂന്ന് മിനിറ്റിനുള്ളിൽ വീണ്ടെടുക്കുന്നതിന് സൗകര്യമൊരുക്കി. കലക്ടറേറ്റ് പ്രധാന കവാടത്തിന്റെ ഇരു ചുമരുകളിൽ തുടങ്ങി മൂന്നാംനില വരെയുള്ള പടിക്കെട്ടുകളുടെ ചുമരുകളിൽ ജില്ലയുടെ ചരിത്ര-സാംസ്‌കാരിക- പൈതൃക പ്രാധാന്യമോതുന്ന ചിത്രങ്ങൾ ആലേഖനം ചെയ്ത് ഭംഗിയാക്കി. ഭിന്നശേഷിക്കാർക്കായി റാമ്പ് നിർമിച്ചു. എടിഎം കൗണ്ടർ പുനഃസ്ഥാപിച്ചു. ഫ്രണ്ട് ഓഫീസ് നവീകരിച്ചു, തപാൽ പെട്ടി സ്ഥാപിച്ചു. പൊതുജനങ്ങൾക്കായി ഇരിപ്പിടങ്ങൾ, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഓഫീസ് ശുചീകരണവും ഉറപ്പാക്കി. ഉദ്യോഗസ്ഥരുടെ ഹാജർ, വിവരാവകാശ നിയമം, സേവന അവകാശ നിയമം തുടങ്ങി വിവിധതരം ബോർഡുകളും സ്ഥാപിച്ചു. ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ നൽകി. പൊതുജനങ്ങൾക്ക് സേവന വിലയിരുത്തൽ ഫോമുകൾ നൽകുകയും ലഭ്യമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലനിർത്തുന്നതിനായി നിശ്ചിത ഇടവേളകളിൽ ഓഡിറ്റ് നടത്തും.

മാതൃക ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള അബ്ദുൽകലാം സ്റ്റഡി സെന്റർ 2026 പുരസ്‌കാര ജേതാവ് ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഡി ഷൈൻദേവിനെയും ഐ എസ് ഒ പ്രവർത്തനങ്ങൾക്ക് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് രമേശൻ മാധവനെയും ആദരിച്ചു. സബ് കലക്ടർ അഖിൽ വി മേനോൻ, എഡിഎം ജി നിർമൽകുമാർ, ഡെപ്യൂട്ടി കലക്ടർമാരായ കെ അനിത നായർ, വി ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts