എഴുകോൺ : കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകൾ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോൺ മാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പോച്ചംകോണം – നെടുമ്പായിക്കുളം – ഇടയ്‌ക്കോട് റോഡിന്റെ നിർമാണോദ്ഘാടനം അറുപറക്കോണം ജംഗ്ഷനിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ബിഎം – ബിസി നിലവാരത്തിൽ നാലു കോടി രൂപ ചെലവിലാണ് റോഡ് നിർമാണം. അടിസ്ഥാന സൗകര്യ വികസനം എല്ലാ മേഖലയിലും ഉറപ്പാക്കും. എട്ടു കോടി രൂപ ചിലവഴിച്ചുള്ള കൊട്ടാരക്കരയിൽ നിന്ന് കല്ലടയിലേക്ക് പോകുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. എഴുകോൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നിലവിൽ രണ്ട് റോഡുകളുടെ പണി പൂർത്തിയായതോടെ സ്റ്റേഡിയത്തിന്റെ പണികൾ ദ്രുതഗതിയിലാകും. ഇലഞ്ഞിക്കോട് പാലത്തിന്റെ നിർമ്മാണവും ഉടൻ പൂർത്തീകരിക്കും. 250 ഓളം പേർക്ക് ജോലി സാധ്യത ഉറപ്പാക്കാൻ പോകുന്ന നെടുവത്തൂരിലെ സോഹോ കോർപ്പറേഷൻ്റെ ഐടി പാർക്ക് പ്രാദേശിക മേഖലയിലെ ആദ്യ ഐടി പാർക്ക് ആയിരിക്കും.
എഴുകോൺ ജംഗ്ഷനിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു കുളമെങ്കിലും വികസിപ്പിക്കാൻ നടപടി സ്വീകരിക്കും. കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് നടക്കാനുമായി കെ എ പിയുടെ അധീനതയിലുള്ള ഹവ്വാ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കാൻ ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080