Tuesday, August 26, 2025

കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി കൊല്ലം ജില്ലയിൽ; ഉദ്പാദനം-391224 ടൺ

കൊല്ലം – മരച്ചീനിയുടെ സ്വന്തം നാട്..!
കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി കൊല്ലം ജില്ലയിൽ; ഉദ്പാദനം-391224 ടൺ

കൊല്ലം : മരച്ചീനിയുടെ നാട്ടുരുചി പെരുമയിലാണ് കൊല്ലം. കൃഷി വകുപ്പിന്റെ പരിശ്രമങ്ങൾ കൊല്ലത്തെ മരച്ചീനിയുടെ തലസ്ഥാനമാക്കി മാറ്റയിട്ടുണ്ട്. കേരളത്തചന്റ ഏറ്റവും കൂടുതൽ വിളയുന്നത് ഇവിടെയാണ്. 10488.83 ഹെക്ടർ സ്ഥലത്ത് കൃഷിചെയ്യുന്നതിലൂടെ 391224 ടൺ മരച്ചീനിയാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്.

ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരച്ചീനിയും കിഴങ്ങുവർഗങ്ങളും കൃഷിചെയ്ത് വരുന്നത്. കൊല്ലത്തിന്റെ ഭൂപ്രകൃതി അനുസരിച്ചുള്ള വെട്ടുകൽ മണ്ണ്, മണൽകലർന്ന മണ്ണ്, നീർവാർച്ചയുള്ള മണ്ണ്, നല്ല ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥ – മരച്ചീനി വിളവിന് തികച്ചും അനുയോജ്യം.

എച്ച്165, എം-4, ശ്രീഹർഷ, ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്യപ്പെടുന്നത്. ഉൽപാദനശേഷിയുള്ള സങ്കരയിനം മരച്ചീനിയായ എച്ച്165 8 മുതൽ 9 മാസത്തിനുള്ളിൽ പാകമാകും; 33 മുതൽ 38 ടൺ വരെയാണ് വിളവ്. 10 മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്നതാണ് എം-4 ഇനത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ളത്.

മരച്ചീനി ഇനമായ ശ്രീഹർഷ പത്തുമാസത്തിനുള്ളിൽ പാകമാകുന്നവയും ഒരു ഹെക്ടറിൽ നിന്ന് 35 മുതൽ 40 ടൺ വരെ വിളവെടുക്കാൻ കഴിയുന്നവയുമാണ്. ശ്രീ വിജയയിൽ സയനൈഡിന്റെ അളവ് വളരെ കുറവാണ്. 25 മുതൽ 28 ടൺ വരെ ഒരു ഹെക്ടറിൽ വിളവെടുക്കാൻ കഴിയുന്നതും പ്രത്യേകതയാണ്.

അത്യുൽൽപാദന ശേഷിയുള്ളതും പത്തുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്നതുമായ മരച്ചീനിയിനമാണ് ശ്രീവിശാഖം. മൊസൈക് രോഗത്തെ അതിജീവിക്കാൻ ശേഷിയുണ്ട്. 35 മുതൽ 36 ടൺ വരെ ഒരു ഹെക്ടറിൽ നിന്നും വിളവ് ലഭിക്കും. ചെറുകിടകർഷകർ മുതൽ കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ വരെയുള്ളവരാണ് മരച്ചീനി കൃഷിയിൽ ഏർപ്പെടുന്നത്. ഒരു ഹെക്ടറിലെ കൃഷിയിൽ നിന്ന് ഏകദേശം ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ലാഭമാണ് ലഭ്യമാകുന്നത്.

മരച്ചീനിയുടെ മൂല്യവർധിത സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുമുണ്ട്. ചിപ്‌സ്, മാവ്, സ്റ്റാർച്ച്, പായസം മിക്‌സ്, ബേക്കറി ഉൽപ്പന്നങ്ങൾ, അനിമൽഫീഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പഉപ്പേരി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വിറ്റുവരവുണ്ട്.

ചേനയിൽ നിന്ന് ചിപ്‌സ്, അട, മാവ്, റെഡി ടു കുക്ക് ചേന എന്നിവയും ചേമ്പിൽ നിന്ന് ചിപ്‌സ്, മധുരക്കിഴങ്ങിൽ നിന്ന് ചിപ്‌സ് എന്നിവയും വ്യത്യസ്ത രുചികളായെത്തുന്നു. വരുമാനത്തിനൊപ്പം സ്ത്രീ ശാക്തീകരണവും സ്വയംതൊഴിൽ അവസരങ്ങളും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണം ഉറപ്പാക്കുന്നു. മരച്ചീനി കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് സബ്‌സിഡി, കുടുംബശ്രീ പരിശീലനത്തോടൊപ്പം സാമ്പത്തികപിന്തുണയും നിർമാണ പരിശീലനങ്ങളും നൽകിവരുന്നു. കുറഞ്ഞചെലവിൽ കൃഷിചെയ്യാൻ കഴിയുന്നതിനോടൊപ്പം മികച്ച വരുമാനവും ലഭിക്കുന്നത് കൊണ്ടാണ് കൂടുതൽപേരും മരച്ചീനി കൃഷിയിലേക്ക് കടക്കുന്നത് എന്നാണ് അനുഭവസാക്ഷ്യങ്ങൾ.

2835 ഹെക്ടർ സ്ഥലത്താണ് ഇതര കിഴങ്ങുവർഗവിളകളുടെ കൃഷി. നാളികേരം, വാഴ, പച്ചക്കറി, സുഗന്ധവിളകൾ, ഫലവൃക്ഷവിളകൾ തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ചേന, ചേമ്പ്, കാച്ചിൽ, കൂവ, മധുരക്കിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയവയും കൃഷിപട്ടികയിലുണ്ട്. ശ്രീകീർത്തി, ശ്രീരൂപ, ശ്രീപ്രിയ, ഇഛ1 എന്നീ ഇനങ്ങളിലുള്ള ചേനവർഗ്ഗങ്ങളാണ് കൂടുതലുമുള്ളത്. ചേന കൃഷിയിലും മുന്നിലാണ് കൊല്ലം. കുറഞ്ഞ കൃഷിചെലവും നല്ലവരുമാന സാധ്യതയുമുള്ള ചേമ്പിനങ്ങളായ താമരചേമ്പ്, മഞ്ഞപ്പൻ, ശ്രീരശ്മി തുടങ്ങിയവയാണ് കൂടുതലും.

പുനലൂർ, കൊട്ടാരക്കര, അഞ്ചൽ, ആര്യങ്കാവ്, കുണ്ടറ, പത്തനാപുരം, എന്നിവിടങ്ങളിലായി ശ്രീരൂപ, ലോക്കൽപർപ്പിൾ എന്നീ കാച്ചിൽ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഒരു ടൺ മുതൽ ഒന്നര ടൺ വരെ കൂവക്കിഴങ്ങാണ് ഒരു ഏക്കറിൽ നിന്നു കിട്ടുക. 100 കിലോ കൂവ കിഴങ്ങിൽ നിന്ന് 10-12 കിലോ കൂവപ്പൊടി കിട്ടും.പായസം, കഷായം, ഹൽവ, കൂവകുക്കീസ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭിക്കും. ഇളമ്പൽ, ചാത്തന്നൂർ, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിമിതമായി കൃഷി ചെയ്യപ്പെടുന്ന നനക്കിഴങ്ങിന്റെ ശ്രീലത, ശ്രീകല തുടങ്ങിയ ഇനങ്ങളാണ് ജില്ലയിലുള്ളത്. ശ്രീഅരുൺ, ശ്രീകനക, ശ്രീവരുൺ തുടങ്ങിയ മധുരക്കിഴങ്ങിനങ്ങളും കൃഷി ചെയ്തുവരുന്നു. വിറ്റാമിൻ എ യുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമായ മധുരക്കിഴങ്ങിൽ നിന്നും പല മൂല്യവർധിത ഉൽപ്പന്നങ്ങളും നിർമിക്കുന്നുമുണ്ട് എന്ന് ജില്ലാ കൃഷി ഓഫീസർ എം എസ് അനീസ പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts