Tuesday, August 26, 2025

സൂംബ ഫിറ്റ്നസ്സിനെ എതിർക്കുന്നത് എന്തിനു…?

ഇപ്പോൾ കേരളത്തിൽ സൂംബക്കെതിരെ വലിയൊരു പ്രക്ഷോഭം നടക്കുകയാണ്. സൂംബയുടെ ചരിത്രം നോക്കുമ്പോഴും ഇത്തരത്തിലുള്ളവരുടെ എതിർപ്പ് മൂലം സൂംബ ചില തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ‘2013 ലും 2017ലും ചിലയിടത്ത് സൂംബ ഫിറ്റ്നസ് നിരോധിക്കപ്പെട്ടു. സൂംബയിൽ കുട്ടികളും സ്ത്രീകളും വരുന്നതുമൂലമായിരുന്നു യാഥാസ്ഥിതികർ പ്രശ്നങ്ങൾ ഉയർത്തിയത്. പക്ഷെ ഇന്ന് എല്ലാ എതിർപ്പുകളെയും മറികടന്നു ലോകരാജ്യങ്ങളിലെ ഏറ്റവും പ്രിയ ഫിറ്റ്നസ് ആയി സൂംബ മാറിക്കഴിഞ്ഞിരിക്കുന്നു.

ലോകം ഇത്രമേൽ വികസിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും സ്വാതന്ത്ര്യം നൽകുവാൻ മടിക്കുന്ന പുരുഷ മേധാവിത്വത്തിന്റെ ചലനങ്ങളാണ് ചില മത സംഘടനകളുടെ പേരിൽ സൂംബയെ എതിർക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്’. ‘സൂംബ ഡാൻസ് ഫിറ്റ്നസ്?’ എന്ന എന്റെ പുസ്തകത്തിൽ നിന്ന്.
കേരളത്തിൽ ആദ്യമായി സൂംബക്കെതിരെ വന്നത് മുജാഹിദ് യുവജന സംഘടനയായ ഐ എസ് എം ആണ്. ഇപ്പോൾ സമസ്തയും. അതിന്റെ പിറകെ യൂത്ത് ലീഗ്, എം എസ് എഫ് ഉൾപ്പെടെയുള്ള പലരും മുന്നോട്ട് വരുന്നത് കാണുന്നു, പെൺകുട്ടികളും സൂംബക്ക് എതിരെ വരുന്നുണ്ട്.

ഇത്ര മാത്രം എതിർക്കപ്പെടാൻ സൂംബയിൽ എന്താണ് ഉള്ളത്.?

കേരളത്തിൽ സ്കൂളുകളിൽ സൂംബ ഫിറ്റ്നസ് ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നതുകൊണ്ടാണോ? എന്റെയൊരു സംശയമാണ്. അല്പവസ്ത്രമെന്നൊക്കെ പറയുന്നതുകേട്ടു. കേരളത്തിൽ ആരാണ് അൽപ വസ്ത്രമുടുക്കുന്നത്? അത് വിദേശീയരല്ലേ, അവരല്ലല്ലോ ഇവിടെ പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ സൂംബ ഇൻസ്‌ട്രക്ടർമാർ ലെഗ്ഗിൻസ്/ ട്രാക്ക് സ്യൂട്ട്, ടീഷർട്ട്, ഷൂ എന്നിവയാണുപയോഗിക്കുന്നത്. സാധാരണ സൂംബ നടക്കുന്നത് zumba centre കളിലാണ്. പുറത്തു പോയി ഡെമോൺസ്ട്രേഷൻ നടത്തുമ്പോൾ പിൻവശം മറയ്ക്കാൻ അവർ ഒരു ഷർട്ട്‌ കൂടി ഉപയോഗിക്കുന്നതുകാണാം.

സ്കൂളുകളിൽ – ആദ്യമേ പറയട്ടെ. ഇപ്പോൾ സ്കൂളുകളിൽ തുടങ്ങിയിരിക്കുന്നത് സൂംബയല്ല എയിറോബിക്സ് ആണ്. അതിനവർ ഏതോ മ്യൂസിക്കും കൊടുത്ത് സൂംബയെന്ന് പേരിട്ടിരിക്കുന്നു എന്ന് മാത്രം. സൂംബയുടെ പാട്ടുകൾ ഉപയോഗിക്കാൻ സിൻ ന് മാത്രമേ അനുവാദമുള്ളൂ. അതായിരിക്കാം കാരണം. സൂംബ ഫിറ്റ്നസ് zumba LLC എന്ന പ്രൈവറ്റ് കമ്പനിയുടേതാണ് . അവരിതിൽ മോശമായി ഒന്നും കലർത്തിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സ്കൂളുകളിൽ അവരിട്ടിരിക്കുന്ന യൂണിഫോമിൽ 3/5 മിനിറ്റ് പാട്ടിനൊപ്പം എക്സർസൈസ് ചെയ്താൽ എന്ത് സംഭവിക്കാനാണ്?

സൂംബയുടെ ഒരു കുഞ്ഞ് ചരിത്രം കൂടി എഴുതാം
കാർഡിയോയും ലാറ്റിൻ-പ്രചോദിതമായ നൃത്തവും ഉൾപ്പെടുന്ന ഒരു ഫിറ്റ്നസ് പ്രോഗ്രാമാണ് സുംബ . വ്യക്തമായി പറഞ്ഞാൽ സൂംബയിൽ നൃത്തമുണ്ട്, എയ്റോബിക് വ്യായാമമുണ്ട്, അനുബന്ധ സംഗീതമുണ്ട് പ്രത്യേകിച്ച് ലാറ്റിൻ, ഒപ്പം അനുബന്ധ അയോധനകലകളുടെ ചലനങ്ങൾ, സ്ക്വാട്ട്, ലഞ്ചസ്, മറ്റു എയിറോബിക് ടെക്നിക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു( എയിറോബിക്സ് അത് ചെയ്യുന്നവർക്ക് zumba പഠിപ്പിച്ചുകൂടെ എന്ന ചോദ്യം വന്നേക്കാം.

സാമ്പാറിൽ വെണ്ടയ്ക്ക ഉള്ളതുകൊണ്ട് വെണ്ടയ്ക്ക മാത്രമിട്ടു വെക്കുന്നത് സാമ്പാർ ആകില്ല.സാമ്പാർ വിവിധ പച്ചക്കറികളുടെ കൂട്ടല്ലേ- വെജിറ്റബിൾ സൂപ്പ്- സൂംബയും വിവിധ തലങ്ങളുടെ കൂട്ടായ്മയാണ്, ഫിറ്റ്നസ് സൂപ്പ്) 1970 മാർച്ച് 15 നു ജനിച്ച കൊളംബിയൻ നർത്തകനും എയ്‌റോബിക്‌സ് ഇൻസ്ട്രക്ടറും നൃത്തസംവിധായകനുമായിരുന്ന ആൽബർട്ടോ “ബീറ്റോ” പെരെസ് ആണ് 1990 കളുടെ അവസാനത്തിൽ
സൂംബ ഫിറ്റ്നസ് സ്ഥാപിച്ചത്.

കൊളംബിയയിലെ കാലിയിൽ, ഒരു ദിവസം തൻ്റെ പതിവ് സംഗീതത്തെ മാറ്റിവെച്ച് ക്ലാസിനായി ലാറ്റിൻ നൃത്ത സംഗീതത്തിൻ്റെ ( സൽസയും മെറിംഗെയും ) കാസറ്റുകൾ ഉപയോഗിച്ചു. അതെല്ലാവർക്കും ഇഷ്ടമായി. അതുകൊണ്ട് പെരെസ് മറ്റ് ക്ലാസുകളിലേക്ക് ഈ സംഗീതം സമന്വയിപ്പിക്കാനും നൃത്തം ചെയ്യാനും തുടങ്ങി, അതിനെ “റംബസൈസ്” എന്ന് വിളിച്ചു. ഇതാണ് സൂംബയുടെ തുടക്കം. 2001ൽ ആൽബർട് “ബീറ്റോ” പെരെസ് ആൽബെർട്ടോ പെർൽമാൻ ആൽബെർട്ടോ അഘിയോൺ എന്നിവർ ചേർന്ന് വ്യവസായമായി ഈ ഫിറ്റ്നസിനെ മാറ്റി.Zumba Fitness, LLC എന്ന സ്ഥാപനം നിലവിൽ വന്നു.

ഇന്ന് 186 രാജ്യങ്ങളിൽ സുമ്പ നടന്നു വരുന്നു.

2012-ൽ ഇൻസൈറ്റ് വെഞ്ച്വർ പാർട്ണേഴ്‌സും ദി റെയിൻ ഗ്രൂപ്പും ഈ സംരംഭത്തിൽ നിക്ഷേപം നടത്തി. കമ്പനി ക്ലാസ് ഇൻസ്ട്രക്ഷനിലേക്ക് വികസിച്ചു, 2015 ആയപ്പോഴേക്കും, പെർൾമാൻ പറയുന്നതനുസരിച്ച്, 186 രാജ്യങ്ങളിലായി 14 ദശലക്ഷം സുംബ വിദ്യാർത്ഥികൾ ഉണ്ടായി. നിലവിൽ 200,000 സ്ഥലങ്ങളിൽ ക്‌ളാസുകൾ നടക്കുന്നു. പതിനാറ് പ്രധാന ഘട്ടങ്ങൾ സുമ്പയിൽ ഉണ്ട്.ഇതെല്ലാം ഉപയോഗിച്ചോ ഇതിൽ ഏതെങ്കിലും ചിലത് ഉപയോഗിച്ചോ ആണ് സുംബ കൊറിയോഗ്രഫി രചിച്ചിരിക്കുന്നത്.

സൂംബയിൽ നാല് അടിസ്ഥാന താളങ്ങളുണ്ട്: സൽസ , റെഗ്ഗെറ്റൺ , മെറെൻഗ്യു , കുംബിയ ;
ഓരോ അടിസ്ഥാന താളത്തിനും നാല് പ്രധാന ഘട്ടങ്ങളുണ്ട്.

ക്ലാസുകൾ പഠിപ്പിക്കാൻ ഇൻസ്ട്രക്ടർമാർക്ക് Zumba Fitness, LLC ലൈസൻസ് നൽകിയിട്ടുണ്ട്.ഇവരെ zin എന്ന് പേരിട്ടാണ് വിളിക്കുന്നത്. ഈ ലൈസൻസ് ഉപയോഗിച്ച് 6 മാസം വരെ zin ന് ലോകത്തെവിടെയും പരിശീലനം നൽകാം. എന്നാൽ ആദ്യ മാസം മുതൽ 35 ഡോളർ ഫീസായി എല്ലാ മാസവും zumba.com LLC യിൽ zin അടക്കേണ്ടതുണ്ട്. ഇതടക്കാതിരുന്നാൽ അവർ നൽകുന്ന ഓൺലൈൻ ക്‌ളാസിൽ പ്രവേശിക്കാൻ കഴിയില്ല. ലൈസൻസ് പുതുക്കുന്നതിലൂടെ എല്ലാ മാസവും zumba.com LLC നൽകുന്ന പുതിയ വീഡിയോകൾ കണ്ടു പഠിക്കുവാൻ zin ന് അവസരമുണ്ടാകുന്നു. അപ്‌ഡേഷനിലൂടെ പുതിയ കാര്യങ്ങളും ചുവടുകളും തങ്ങളുടെ നിറവുകളും കുറവുകളും മനസിലാക്കുവാൻ ഒരു zin ന് കഴിയും. അതുവഴി ആ സിനിന്റെ ശിക്ഷണത്തിൽ പരിശീലിക്കുന്നവർക്ക് സുമ്പ വഴി മാക്സിമം ബെനിഫിറ്റ് നേടാൻ കഴിയും. ആയതിനാൽ ഇപ്പോഴും ലൈസൻസ് നിലനിർത്തുന്ന zin ൽ നിന്ന് പരിശീലനം നേടേണ്ടത് ആരോഗ്യം ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ആവശ്യകതയാണ്.ആയതിനാൽ എവിടെയും സിൻ ൽ നിന്ന് തന്നെയാണ് സൂംബ പരിശീലിക്കേണ്ടത്. പക്ഷെ അത് നടക്കുന്നില്ല എന്നുള്ളതാണ് ഇപ്പോൾ കണ്ടുവരുന്നത്‌.

വിവിധ പ്രായക്കാർക്കും അദ്ധ്വാനത്തിൻ്റെ തലങ്ങൾക്കുമായി പതിനൊന്ന് തരം ക്ലാസുകൾ സൂംബയിൽ നിലവിലുണ്ട്. ഇതെല്ലാം പരിശീലനം നേടാത്തവർ എങ്ങനെ പരിശീലിപ്പിക്കും?.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts