കൊല്ലം ചെറുപ്പത്തിൽ പോളിയോ ബാധിച്ചതാണ് കേരളപുരം കൊറ്റങ്കര സ്വദേശി ഹാഷിമിന്. ഭാര്യ സുമിനയും മൂന്ന് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. പോളിയോ ബാധിച്ചതിലൂടെ തളർന്നുപോയ ഹാഷിമിന്റെ ജീവിതത്തിന് ആറ് മാസം മുൻപ് സർക്കാർ നൽകിയ ഇലക്ട്രോണിക് വീൽ ചെയർ വലിയൊരു ആശ്വാസമായിരുന്നു. ലോട്ടറി ഉൾപ്പടെയുള്ള ചെറിയ കച്ചവടങ്ങൾ വഴിയാണ് ഹാഷിമിന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ടു പോകുന്നത്.
വാടക വീട്ടിൽ കഴിയുന്ന ഹാഷിമിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും. അതിനായി ഇക്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ചേർത്തുവച്ച് അഞ്ച് സെന്റ് ഭൂമി വാങ്ങി. പക്ഷെ സാങ്കേതിക പ്രശ്നങ്ങൾ കാരണം വീട് വെയ്ക്കാൻ കഴിയുന്നില്ല. അത് പരിഹരിക്കണമെന്ന അവശ്യവുമായാണ് കൊല്ലം താലൂക്ക് പരാതി പരിഹാര അദാലത്തിൽ എത്തിയത്. പരാതി പരിശോധിച്ചതിനു ശേഷം മന്ത്രി കെ.എൻ. ബാലഗോപാൽ ഉടൻ നടപടി എടുക്കാൻ നിർദേശിച്ചു. നിറഞ്ഞ ആശ്വാസത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് ഹാഷിം മടങ്ങിയത്.