Saturday, October 11, 2025

കൊല്ലത്തിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. 1949 ജൂലായ് 1;

അഷ്ടമുടി കായലിൻ്റെ ഓളങ്ങളാൽ സമ്പന്നമായ നമ്മുടെ കൊല്ലത്തിന് ഇന്ന് 76 വയസ്സ് പൂർത്തിയാവുകയാണ്. സംസ്ഥാനത്ത് ഇപ്പോഴുള്ള 14 ജില്ലകളിൽ ആദ്യം രൂപീകൃതമായ 4 എണ്ണത്തിൽ ഒന്നാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയും, പടിഞ്ഞാറ് അറബിക്കടലുമായി അതിര് പങ്കിടുന്ന ജില്ലയാണ് നമ്മുടെ കൊല്ലം. സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ നഗരം. 1949 ജൂലൈ ഒന്നിന് കോട്ടയവും തിരുവനന്തപുരവും തൃശ്ശൂരുമാണു കൊല്ലം ജില്ലയോടൊപ്പം പിറന്നത്. 1956 നവംബർ ഒന്നിന് കേരളം പിറന്നപ്പോൾ ഈ നാലു ജില്ലകൾക്കു പുറമേ മലബാർ ജില്ല കൂടി സംസ്ഥാനത്തിന്റെ ഭാഗാമായി. തുടർന്ന് 1957 ജനുവരി ഒന്നിന് മലബാർ ജില്ല വിഭജിച്ച് കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ ഉണ്ടായി.

സംസ്ഥാനത്തു വിസ്തൃതിയിൽ എട്ടാം സ്ഥാനമുള്ള കൊല്ലത്തിന്റെ വിസ്തൃതി 2491 ചതുരശ്ര കിലോമീറ്ററാണ്. തിരുവിതാംകൂർ – കൊച്ചി സംയോജനത്തോടെയാണു തിരുവിതാംകൂറിലെ കൊല്ലം ഡിവിഷൻ കൊല്ലം ജില്ലയായി തീർന്നത്. 1859ൽ എട്ടു താലൂക്കുകൾ ചേർത്തു കൊല്ലം ഡിവിഷൻ രൂപികൃതമായി. 1871ൽ തിരുവനന്തപുരം ഡിവിഷനിലായിരുന്ന കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട താലൂക്കുകൾ കൊല്ലം ഡിവിഷനിൽ ചേർത്തു. ഇതൊടെ കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂർ, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, എന്നിവയായി കൊല്ലം ഡിവിഷനിലെ താലൂക്കുകൾ.

1922 വരെ ഇങ്ങനെ തുടർന്നു. ദേവസ്വം വിഭജന കമ്മറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഭരണചെലവു ചുരുക്കൽ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ താലൂക്ക് 1922 ആഗസ്റ്റ് 17ന് (1098 ചിങ്ങം ഒന്ന്) നിർത്തലാക്കി. ചെങ്ങന്നൂർ തിരുവല്ല താലൂക്കിനോടു ചേർത്തു. അന്നത്തെ താലൂക്ക് പുനസംഘടനയിൽ ചേർത്തല താലൂക്കിൽ നിന്നും മൂന്നു പകുതികൾ അമ്പലപ്പുഴ താലൂക്കിലും വൈക്കം താലൂക്കിൽ നിന്നും നാലു പകുതികൾ ചേർത്തല താലൂക്കിലും ചേർത്തു. അന്ന് അമ്പലപ്പുഴ താലൂക്ക് കൊല്ലം ഡിവിഷനിലും ചേർത്തല, വൈക്കം താലൂക്കുകൾ കോട്ടയം ഡിവിഷനിലുമായിരുന്നു. എന്നാൽ 1939 മാർച്ച് 14ന് ചേർത്തല താലൂക്ക് കൊല്ലം ഡിവിഷനിൽ ചേർത്തു.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ – കൊച്ചി സംയോജനത്തോടെ ഡിവിഷൻ എന്നത് ഡിസ്ട്രിക്ടായി മാറി. 1949ൽ കൊല്ലം ജില്ലയിലെ താലൂക്കുകൾ കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂർ, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നിവയായിരുന്നു. 7029 ചതുരശ്ര കീലോമീറ്ററായിരുന്നു വിസ്തീർണ്ണം. 1956 ഒക്ടോബർ ഒന്നിന് അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ രൂപീകരിച്ചപ്പോൾ കോട്ടയം, ജില്ലയുടെ ഭാഗമായി. കേരളപ്പിറവിയോടൊപ്പം തിരുവല്ല താലൂക്ക് വിഭജിച്ചു ചെങ്ങന്നൂർ താലൂക്ക് വീണ്ടും രൂപീകരിച്ചു. ചെങ്കോട്ട താലൂക്കിന്റെ ഒരുഭാഗം പുതിയ മധുര സംസ്ഥാനത്തിന്റെ ഭാഗമായി. ബാക്കി ഭാഗം പത്തനാപുരം താലൂക്കിൽ ചേർത്തു. കൊല്ലം ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല താലൂക്കുകളും കോട്ടയം ജില്ലയിലെ കുട്ടനാട് താലൂക്കും ചേർന്നതാണ് 1957 ആഗസ്റ്റ് 17ന് ആലപ്പുഴ ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കും കുന്നത്തൂർ താലൂക്കിന്റെ ചില ഭാഗങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കും മാവേലിക്കര ചെങ്ങന്നൂർ താലൂക്കുകളിലെ ചില വില്ലേജുകളും പമ്പാവാലി വടക്ക്, ശബരിമല പ്രദേശങ്ങളും ചേർത്തതാണ് 1989 നവംബർ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകരിച്ചത്.

കൊല്ലം,പുനലൂർ എന്നീ 2 RDO ഓഫിസുകളും
പത്തനാപുരം, പുനലൂർ, കുന്നത്തൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം, എന്നിങ്ങനെ ആറു താലൂക്കുകളും ആണ് കൊല്ലം ജില്ലയിലുള്ളത്.
കൊല്ലം കോർപ്പറേഷൻ, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ നാല് നഗരസഭകൾ, 13 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ എന്നിവയടങ്ങിയ ജില്ലയിലെ ജനസംഖ്യ 2011 ലെ കാനേഷുമാരി കണക്കനുസരിച്ച് 2629703 ആണ്. ഇതിൽ 1244815 പുരുഷന്മാരും, 1384888 സ്ത്രീകളുമുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts