Tuesday, August 26, 2025

സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ 4 ശതമാനം പലിശ നിരക്കില്‍ വായ്പ; ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി  പ്രത്യേക സബ്സിഡി വായ്പാ പദ്ധതി ആവിഷ്ക്കരിക്കാന്‍ തീരുമാനം.  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും   ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ്  പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
 
ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതിയില്‍ 18,000-ത്തോളം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.24-ഓളം വ്യത്യസ്ത വിഭാഗങ്ങളിലാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമറിയിച്ചിരിക്കുന്നത്.  ഇവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കോടി രൂപ ടൂറിസം വകുപ്പ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
സ്ത്രീസൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.രാജ്യത്ത് തന്നെ ആദ്യമായിട്ടായിരിക്കും ടൂറിസം മേഖലയിലെ വനിതാ സംരംഭങ്ങള്‍ക്ക് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കും.വനിതാ സംരംഭ മേഖലയിലെ മാതൃകയായി ടൂറിസവുമായുള്ള സഹകരണം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ആര്‍.ടി മിഷന്‍ സൊസൈറ്റി സി.ഇ.ഒ കെ.രൂപേഷ് കുമാറിനെയും വനിതാ വികസന കോര്‍പ്പറേഷന്‍  എം.ഡി ബിന്ദു.വി.സി-യെയും ചുമതലപ്പെടുത്തി. മന്ത്രിമാര്‍ക്ക് പുറമെ അഡീഷണല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ടൂറിസം ഡയറക്ടര്‍  ശിഖാ സുരേന്ദ്രന്‍,ടൂറിസം വകുപ്പിലെയും ധനകാര്യ വകുപ്പിലെയും വനിതാ വികസന കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
Follow us on 
Kundara MEDIA 
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts