ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 4,126 പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു.
കേരളത്തിൽ നിന്ന് 1,819 പേരും മറ്റ് 13 സംസ്ഥാനങ്ങളിൽ നിന്നായി 2,125 പേരും അന്താരാഷ്ട്ര പ്രതിനിധികളായി 182 പേരും ഉൾപ്പെടെയാണിത്. തമിഴ്‌നാട് 1,545, ആന്ധ്രപ്രദേശ് 90, തെലുങ്കാന 182, കർണാടക 184, മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, ഉത്തർപ്രദേശ് 4, ഗുജറാത്ത് 4, ഡൽഹി 2, ഹരിയാന 1, ഛത്തീസ്ഗഡ് 4, അസം 1, ഒഡീഷ 12 എന്നിങ്ങനെയാണ് കണക്ക്.
ശ്രീലങ്ക 39, മലേഷ്യ 13, കാനഡ 12, യു.എസ്.എ 5, അബുദാബി 18, ദുബായ് 16, ഷാർജ 19, അജ്മാൻ 3, ബഹറിൻ 11, ഒമാൻ 13, ഖത്തർ 10, സിംഗപ്പൂർ 8, യുകെ 13, സൗദി 2 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിയവർ. ഉദ്ഘാടന സമ്മേളനത്തിനുശേഷം മൂന്ന് സെഷനായി നടന്ന ചർച്ചയിൽ ഓരോ വിഷയത്തിലും താല്പര്യമുള്ളവർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു വേദിയിലെ കണക്കു മാത്രം ചൂണ്ടിക്കാട്ടി സംഗമത്തിന് രജിസ്റ്റർ ചെയ്തവർ എത്തിയില്ലെന്നുള്ള തെറ്റായ പ്രചരണം ചിലർ നടത്തുന്നു.
3,000 പേർക്കാണ് രജിസ്‌ട്രേഷൻ നൽകാൻ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് 5,000 ആയി ഉയർത്തി. വിശാലമായ വേദി ക്രമീകരിച്ചതിലൂടെ ആളുകളെ സുഗമമായി ഉൾക്കൊള്ളാൻ കഴിഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യങ്ങൾ കൃത്യമായി വിശദീകരിച്ചു. പിന്നീട് നടന്ന ചർച്ചകൾക്കും ഇത് സഹായകരമായി. വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളും മികവ് പുലർത്തി.
ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ പുതിയതായി രൂപീകരിക്കുന്ന പതിനെട്ടംഗ സമിതി പരിശോധിച്ച് മുന്നോട്ടുപോകും. ശബരിമലയുടെ വികസനം കേരളത്തിന്റെ ആകെ വികസനത്തിന് വഴിതെളിക്കും. വരും തീർത്ഥാടനകാലം സുഗമമായി നടത്തുന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇടത്താവളങ്ങൾ, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയതായതും മന്ത്രി അറിയിച്ചു.
എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ യു ജനീഷ് കുമാർ, ദേവസ്വം അംഗങ്ങളായ പിഡി സന്തോഷ് കുമാർ, എ അജികുമാർ, ദേവസ്വം – റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080