Sunday, March 1, 2026

അബുദാബിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് കുഞ്ഞു സഹോദരങ്ങൾക്ക് ദാരുണാന്ത്യം;

യുഎഇ : അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് ആൺകുട്ടികളുൾപ്പെടെ അഞ്ചുപേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫ് – വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാന ദമ്പതികളുടെ അഞ്ച് മക്കളിൽ നാലു ആൺമക്കളായ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരണപ്പെട്ടത്.

അപകടം മടക്കയാത്രയ്ക്കിടെ. പ്രശസ്തമായ ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അബുദാബിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. വർഷങ്ങളായി പ്രവാസികളായ അബ്ദുൽ ലത്തീഫും കുടുംബവും വാരാന്ത്യ അവധി ആഘോഷിക്കാൻ പോയി മടങ്ങുമ്പോഴാണ് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളെ ഒരേപോലെ കണ്ണീരിലാഴ്ത്തിയ വാർത്തയാണിത്.

ഏഴംഗങ്ങളുള്ള ഒരു കുടുംബം, ഒരു നിമിഷം കൊണ്ട് പൂർണ്ണമായി തകർന്നു. ഒരു സഹോദരിയെയും, ഉമ്മയെയും ഉപ്പയെയും ഈ ലോകത്ത് ഒറ്റപ്പെടുത്തി, നാല് കുഞ്ഞുങ്ങൾ ഒരുമിച്ച് യാത്രയായി.

ഇന്ന് (6-1-2026 ചൊവ്വാഴ്ച) കുട്ടികളുടെ മയ്യത്ത് ദുബായിൽ കബറടക്കം ചെയ്യപ്പെടും. രാവിലെ 9:30 ന് അബുദാബിയിൽ നമസ്കാരവും, ഉച്ചയ്ക്ക് ശേഷം ദുബായ് സോനാപൂരിലെ മസ്ജിദിൽ നമസ്കാരവും അവിടെ തന്നെ മറവുചടങ്ങുകളും നടക്കുന്നതാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts