2031ല്‍ പാലുല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി ജെ.ചിഞ്ചുറാണി
2031ല്‍ സംസ്ഥാനം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ കുളത്തൂപ്പുഴ ഫാമില്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് ടെക്നോളജീസ് ഇന്‍ ബോവൈന്‍ പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പാലുല്‍പാദനത്തില്‍ 14 ശതമാനം വര്‍ധനവുണ്ടായി. പ്രതിവര്‍ഷം 25.27 ലക്ഷം മെട്രിക് ടണ്‍ പാലാണ് ഉല്പാദിപ്പിക്കുന്നത്. 2031 ല്‍ ഓരോ പശുവിന്റെയും ശരാശരി ഉല്‍പാദനക്ഷമത 12.5 ശതമാനമായി ഉയര്‍ത്തും. ഇതോടൊപ്പം മുട്ട, മാംസം എന്നിവയുടെ ഉത്പാദനവും വര്‍ധിപ്പിക്കും. ആധുനിക പ്രജനന രീതികള്‍ അവലംബിച്ച് മികച്ച ജനിതക ഗുണമുള്ള പശുക്കളെ വികസിപ്പിച്ചെടുക്കും. പുത്തന്‍ സാങ്കേതികവിദ്യയിലൂടെ തരംതിരിച്ച ബീജം കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി പശുക്കളെ വാങ്ങാന്‍ സംസ്ഥാനത്തുടനീളം കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കും. മില്‍മ കേരളത്തില്‍ ലാഭകരമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് അഡ്വാന്‍സ്ഡ് ടെക്നോളജീസ് ഇന്‍ ബോവൈന്‍ പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രാവര്‍ത്തികമാകുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തുകയ്ക്ക് ഇറക്കുമതി ചെയ്യുന്ന ബൊവൈന്‍ ഭ്രൂണങ്ങളുടെ ഇന്‍-വിട്രോ ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന മീഡിയകളും ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകളും തദ്ദേശീയമായി വികസിപ്പിക്കാനും ഇതുവഴി കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇ ടി ഐവിഎഫ് സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. ഐസിഎആര്‍ വികസിപ്പിച്ചെടുത്ത ഹരിത് ധാര ആന്‍ഡ് ടാമറിന്‍ പ്ലസ് ആന്റി – മെത്തനോജെനിക് ഫീഡ് സപ്ലിമെന്റ് ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭ്യമാകും. ഇതിലൂടെ പരിസ്ഥിതി സൗഹൃദരീതിയിലുള്ള കന്നുകാലി പരിപാലനവും സാധ്യമാകും. 80 കോടി രൂപ ചെലവഴിച്ചാണ് റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടം 15 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഇരുന്നൂറോളം പശുക്കളെയാണ് വളര്‍ത്തുന്നത്.

ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്കുള്ള സര്‍ജറി കിറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ തീറ്റപ്പുല്‍കൃഷി പദ്ധതി പ്രകാരം ജില്ലയില്‍ വിജയകരമായി തീറ്റപ്പുല്‍ കൃഷി പൂര്‍ത്തീകരിച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. മാട്ടുപ്പെട്ടി യൂണിറ്റില്‍ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഇന്‍ ലൈവ്‌സ്റ്റോക്ക് പ്രൊഡക്റ്റിവിറ്റി ആന്‍ഡ് റിസര്‍ച്ചിന്റെ ധാരണാപത്രം കെ.എല്‍.ഡി.ബോര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോടും പരസ്പരം കൈമാറി.
പി.എസ്.സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബ ബീവി, കെ.എല്‍.ഡി.ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ആര്‍.രാജീവ്, മാനേജര്‍ ഡോ.പി.എസ്.അരുണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ടോം, കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ബി.സുനില്‍ കുമാര്‍, കെ.എല്‍.ഡി.ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ടി.സജീവ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സിന്ധു, കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മേധാവികളായ ഡോ.ചിത്ര, സജിത്ത് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
