Monday, June 16, 2025

ഗാന്ധി സേവാ പുരസ്‌കാരത്തിന് അർഹനായി മുൻ സാമൂഹ്യനീതി ഓഫീസർ എഴുകോൺ സ്വദേശി ബി. മോഹനൻ;

എഴുകോൺ : ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സേവാ പുരസ്ക്കാരം പത്തനാപുരം ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനന് നൽകും. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഗാന്ധി ജയന്തി ദിനമായ രണ്ടിന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.

സാമൂഹ്യ നീതി വകുപ്പ് ഓഫീസറായി വിരമിച്ച മോഹനൻ സർക്കാർ വൃദ്ധസദനങ്ങളിലും ചിൽഡ്രൻസ് ഹോമുകളിലും സമാനതകളില്ലാത്ത സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. 2018, 2019 , 2020 വർഷങ്ങളിൽ മികവിനുള്ള കേരള സർക്കാർ പുരസ്ക്കാരം മോഹനന് ലഭിച്ചിരുന്നു. 2022 ൽ കൊല്ലം ഗവ.വൃദ്ധ സദനത്തിന് വയോസേവന പുരസ്ക്കാരം ലഭിക്കുന്നത് മോഹനൻ സൂപ്രണ്ടായിരിക്കുമ്പോഴാണ്. സർവീസിൽ നിന്ന് വിരമിച്ച ശേഷവും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പുനരധിവാസത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും നൽകുന്ന സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഗുരുധർമ്മ പ്രചരണസംഘം കേന്ദ്ര കമ്മിറ്റി ചെയർമാൻ എഴുകോൺ രാജ്മോഹനും സെക്രട്ടറി ബി. സ്വാമിനാഥനും പറഞ്ഞു.

എഴുകോൺ ചട്ടേൽ വീട്ടിൽ താമസിക്കുന്ന മോഹനൻ 1992 ൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായാണ് സേവനം തുടങ്ങിയത്. 1994 ൽ സാമൂഹിക നീതി വകുപ്പിലേക്ക് എത്തി. 2012 ൽ കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട ലെയ്സൺ ഓഫീസറായ മോഹനൻ പിന്നീടുള്ള പത്ത് വർഷക്കാലം സാമൂഹ്യ നീതി വകുപ്പിൻ്റെ വിവിധ സംരക്ഷണ കേന്ദ്രങ്ങളുടെ ചുമതലക്കാരനായിരുന്നു. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള നിരാലംബരായവരെ ജീവിതത്തിൽ ചേർത്ത് പിടിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് 32 വർഷക്കാലത്തെ സർവീസ് ജീവിതം അവസാനിപ്പിച്ച് മോഹനൻ പടിയിറങ്ങിയത്.

നിലവിൽ പത്തനാപുരം ഗാന്ധിഭവൻ ഇൻ്റർ നാഷണൽ ട്രസ്റ്റിൻ്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സേവനം അനുഷ്ഠിച്ചുവരുന്നു. കൂടാതെ കൊട്ടാരക്കര റോട്ടറി ക്ലബ്ബിൻ്റെ പ്രസിഡൻ്റ് കൂടിയാണ് മോഹനൻ. സഹ ഭാരവാഹികൾക്കൊപ്പം ജീവിതത്തിൽ കൈത്താങ്ങ് വേണ്ടവരിലേക്ക് കാരുണ്യത്തിൻ്റെ കൈവഴി ഒരുക്കാനാണ് റോട്ടറി മേഖലയിലെ പ്രവർത്തനത്തെയും മോഹനൻ ഉപയോഗപ്പെടുത്തുന്നത്.

ഭാര്യ: രാജേശ്വരി
മക്കൾ : അനന്ദു മോഹൻ,ആവണി
മരുമക്കൾ : അനുഷ, നിതിൻരാജ്

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts