കൊല്ലം : മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59 ദിവസത്തിനുശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തന്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു ശ്രീക്കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
തിരുവോണ ദിവസമാണ് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് സ്‌കൂട്ടറിന് പുറകിൽ ഇരുന്ന കുഞ്ഞുമോൾ റോഡിൽ വീഴുന്നത്. സ്‌കൂട്ടർ യാത്രിക വീണപ്പോൾ രക്ഷപ്പെടുത്താതെ ഡ്രൈവറായ അജ്മൽ കാർ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. കെഎൽ ക്യു 23 9347 നമ്പരിലുള്ള കാറിലായിരുന്നു ശ്രീക്കുട്ടിയും അജ്മലും യാത്രചെയ്തിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റവും ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് തെളിഞ്ഞിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080