Sunday, March 1, 2026

ചലച്ചിത്ര നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു.

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു. എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യനില അടുത്തിടെ മോശമായിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.

പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്‌കാരം നാളെ നടക്കും. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ ദിനം മോഹൻലാലും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായി ആഘോഷിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളാണ് മോഹൻലാൽ. അമ്മയുടെ ശാരീരിക അവസ്ഥ മോശമാണ് എന്നും അത് ഏറ്റവും സങ്കടകരമായ കാര്യമാണ് എന്നും മോഹൻലാൽ അടുത്തിടെ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന് തന്റെ അച്ഛന്റേയും അമ്മയുടേയും പേര് ചേർത്ത് വിശ്വശാന്തി ഫൗണ്ടേഷൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ശാന്തകുമാരി. അടുത്തിടെ ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം നേടിയ ശേഷം മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെ ആയിരുന്നു.

മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ആരോഗ്യം പരിപാലിക്കുന്നവരാണ് വീട്ടിലുണ്ടായിരുന്നത്. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവർത്തകരും സിനിമാപ്രവർത്തകരും വീട്ടിലേക്ക് എത്തുന്നുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts