എഴുകോൺ ഇ.എസ്.ഐ ആശുപത്രിയോട് ചേർന്ന് ആയുർവേദം, ഹോമിയോ, സിദ്ധ, യൂനാനി ചികിത്സാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
കഴിഞ്ഞാഴ്ച കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഈ ആവശ്യത്തിന് ഇഎസ്ഐയുടെ പരിധിയിൽ സ്പെഷ്യാലിറ്റി ആയുഷ് ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെട്ട മന്ത്രി തത്വത്തിൽ അംഗീകാരം നൽകിയതായും ഇഎസ്ഐസി ഡയറക്ടർ ജനറലുമായി തുടർന്ന് ചർച്ച നടത്തുകയും ആവശ്യത്തിന്റെ പ്രാധാന്യം പരിഗണിച്ച് ഇഎസ്ഐ കോർപ്പറേഷൻ കീഴിൽ കേരളത്തിൽ ആദ്യമായി ആയുഷ് മെഡിക്കൽ കോളേജ് എഴുകോണിൽ സ്ഥാപിക്കുന്നതിനുള്ള ഉറപ്പ് ലഭിച്ചതായും എംപി അറിയിച്ചു.
നിലവിൽ എഴുകോൺ ഇ എസ് ഐ ആശുപത്രിയിൽ 10 ബെഡോട് കൂടിയ ആയുർവേദ ചികിത്സ ലഭ്യമാണെങ്കിലും അത് അപര്യാപ്തമാണ്. മേഖലയിലെ ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികൾ, മറ്റു മേഖലയിൽ നിന്നുള്ള തൊഴിലാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും വാർദ്ധക്യസഹജമായ രോഗങ്ങൾ ഉള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുട്ടുവേദന, നടുവേദന തുടങ്ങിയവയ്ക്കുള്ള പരിഹാരമെന്നോണം ആയുർവേദ ചികിത്സയാണ്. നിരവധിയാളുകൾ ഈ ആവശ്യം ഉന്നയിച്ച് തനിക്ക് നിവേദനം നൽകിയിരുന്നതായും എംപി പറഞ്ഞു. അലോപ്പതിയോടൊപ്പം ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ചികിത്സ സൗകര്യങ്ങൾ കൂടി ലഭ്യമാകുന്നതോടുകൂടി എഴുകോൺ ഇ എസ് ഐ ആശുപത്രിയെ മികവിന്റെ കേന്ദ്രമായി ഉയർത്താൻ ആകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിൽ 15 ഏക്കർ ഭൂമി എഴുകോൺ ആശുപത്രിയിൽ ലഭ്യമാണ്. സമീപത്തു തന്നെ റെയിൽവേയുടെ 20 ഏക്കറിൽ അധികം ഭൂമിയും ലഭ്യമാണ്. ഈ ഭൂമി ആശുപത്രി വികസനത്തിനായി വിട്ടുതരാൻ റെയിൽവേ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇഎസ്ഐ കോർപ്പറേഷൻ ചിലവിൽ എഴുകോണിൽ പുതിയ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിൽ റെയിൽവേയ്ക്ക് അനുകൂല നിലപാടാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
നേരത്തെ എഴുകോൺ ഇ എസ് ഐ ആശുപത്രിയിൽ അനുവദിച്ചിരുന്ന നഴ്സിംഗ് അടക്കമുള്ള കോഴ്സുകൾ നയം മാറ്റം മൂലം ഉപേക്ഷിച്ചിരുന്നതായും പുതുക്കിയ നയപ്രകാരം നഴ്സിംഗ് കോളേജ് വീണ്ടും പരിഗണിക്കണമെന്നും 10 വിദ്യാർത്ഥികൾ പഠനം തുടങ്ങിയ ഫാർമസി കോഴ്സ് തിരികെ അനുവദിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിലുള്ള ആശുപത്രി വികസനത്തിന്റെ ഭാഗമായി പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം, ആധുനിക സ്കാനിംഗ് സംവിധാനം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഡയാലിസിസ് സെന്റർ തുടങ്ങിയ പദ്ധതികളും മുൻഗണനാക്രമത്തിൽ പൂർത്തീകരിക്കണമെന്ന് ഇഎസ്ഐസി ഡയറക്ടർ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യം ഉന്നയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080