കൊട്ടാരക്കര: പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കായി പോലീസ് കൊണ്ടുവന്നയാൾ ഡോക്ടറെ ഉൾപ്പെടെ അഞ്ചുപേരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി ഡോക്ടർ വന്ദനയാണ് (25) മരിച്ചത്. ഓടനാവട്ടം വിലങ്ങറ യു.പി സ്കൂളിലെ അധ്യാപകൻ സന്ദീപ് ആണ് ഡോക്ടറെ കുത്തി കൊലപ്പെടുത്തിയത്.
അടുത്ത മാസം വന്ദനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് കുത്തേറ്റ് മരണപ്പെട്ടത്. മിയ്യണ്ണൂർ അസ്സീസിയ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി സ്റ്റുഡന്റ് ആയിരുന്നു.
സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ സന്ദീപിന്റെ കാലിനു മുറിവേറ്റിരുന്നു. തുടർന്ന് പൊലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചു മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്തു ഡോക്ടറെ കുത്തുകയായിരുന്നു.
ഡോക്ടറുടെ മുതുകിലും കഴുത്തിലുമായി ആറോളം കുത്തുണ്ടായിരുന്നു. മരണപ്പെട്ട ഡോക്ടറെ ആദ്യം കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മന്ത്രി കെ.എൻ. ബാലഗോപാലും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഹോസ്പിറ്റലുകളിൽ ജീവനക്കാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നാണ് ഹോസ്പിറ്റൽ ജീവനക്കാർ ഒന്നടങ്കം പറയുന്നത്. കുറെ നാളുകളായിട്ട് സർക്കാരിനോട് ഹോസ്പിറ്റൽ ജീവനക്കാർക്ക് സുരക്ഷാ നൽകണമെന്ന് അറിയിച്ചിട്ടും നാളിതുവരെയും ഒരു നടപടിയും എടുത്തിട്ടെല്ലെന്നും ഒരു ഡോക്ടർ മരിക്കാൻ സർക്കാർ കാത്തിരുന്നു എന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. കൊല്ലം ജില്ലയിലെ എല്ലാ മെഡിക്കൽ സ്ഥാപനങ്ങളും ഇന്ന് സമരത്തിൽ ആയിരിക്കുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു.
ഇന്നത്തെ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഒഴികെ എല്ലാവിധ സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
News Desk Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം