കേരളപുരം : കൊല്ലം ജില്ലയിലെ ആദ്യകാല ചെണ്ടമേള പ്രമാണിയായിരുന്ന കേരളപുരം തുളസീധരൻ അന്തരിച്ചു. 68 വയസായിരുന്നു. 12 വയസ്സു മുതൽ പിതാവിൽ നിന്നും ചെണ്ട അഭ്യസിച്ച് പ്രൊഫഷണൽ ചെണ്ടമേള രംഗത്ത് എത്തിച്ചേർന്ന് 58 വർഷങ്ങളായി കേരളത്തിലെ എല്ലാ ജില്ലകളിലും, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കർണ്ണാടക സംസ്ഥാനങ്ങളിലായി ചെണ്ടമേള പ്രമാണിയായി പ്രവർത്തിച്ച് കൊല്ലം ജില്ലയുടെ അഭിമാനമായി മാറിയ കലാപ്രതിഭ കൂടിയായിരുന്നു കേരളപുരം തുളസി.
നിരവധി ചെണ്ടമേള പ്രതിഭകളുടെ ഗുരുനാഥനായ ഇദ്ദേഹത്തിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും, മസ്ജിദുകളിലെയും പ്രസിദ്ധങ്ങളായ മത്സര ചെണ്ടമേളകളിൽ പ്രശസ്ത ടീമുകളുമായി മത്സരിച്ച് വിജയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി കലാ-സാംസ്കാരിക സംഘടനകളുടെ അവാർഡുകളും ആദരവുകളും ലഭിച്ചിട്ടുണ്ട്. പഴയ കാല നാടകങ്ങൾക്കും, ബാലെകൾക്കും ലൈവ് ഓർക്കസ്ട്രയിൽ പ്രശസ്ത കലാകാരൻമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.
പുണ്യപുരാണങ്ങളിലെ ദൈവീക വേഷങ്ങളെ ചെണ്ടമേളത്തിനൊപ്പം കോർത്തിണക്കി ഉത്സവങ്ങളിലും, പൊതുവേദികളിലും ആദ്യമായി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. തെക്കൻ കേരളത്തിലാദ്യമായി ഏറ്റവും കൂടുതൽ കലാകാരൻമാരെ ഉൾപ്പെടുത്തി കൊല്ലം, കേരളപുരം തുളസി എന്ന പേരിൽ മേളം നയിച്ച ഇദ്ദേഹം കൊല്ലം തായമ്പക ആർട്സ് എന്ന ബാനറിൽ കലാസപര്യ നടത്തിയിരുന്നു. ഭാര്യ വിജയമ്മ. മക്കൾ സമ്പത്ത്, സജീവ്. മരുമകൾ ബിന്ദുഷ. ചെറുമക്കൾ സച്ചിൻ, സിയാൻ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp