കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി യെമനില്‍ അടിയന്തര യോഗം; കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും യോഗത്തിൽ പങ്കെടുക്കുന്നു.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം. യെമനില്‍ സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കൊലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനും യോഗത്തില്‍ പങ്കെടുക്കുന്നതായാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിന് പിന്നാലെയാണ് യെമനില്‍ യോഗം ചേരുന്നത്. വിഷയത്തില്‍ വൈകിട്ടോടെ വ്യക്തത വരുമെന്നാണ് വിവരം.
നോര്‍ത്ത് യെമനിലാണ് യോഗം നടക്കുന്നത്. ശൈഖ് ഹബീബ് ഉമറിനും, തലാലിന്റെ സഹോദരനും പുറമേ യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബ്ലഡ് മണി സ്വീകരിച്ച് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ ആവശ്യം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെയായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. യെമന്‍ ഭരണകൂടവുമായി കാന്തപുരം ചര്‍ച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യെമനില്‍ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂണ്‍ പതിനാറിന് നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതിനിടെയാണ് വിഷയത്തില്‍ നിര്‍ണായ നീക്കങ്ങളുമായി കാന്തപുരം അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
നിമിഷപ്രിയ കേസ് ..?
2017ലാണ് യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തുന്നയാളാണ് തലാൽ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. 2017 ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080