ദുബായ് : നിസ്വാർഥസേവനത്തിനു മലയാളി യുവാവിനു ദുബായ് പൊലീസിന്റെ വൊളന്റിയർ അവാർഡ്. കൊല്ലം കുണ്ടറ മുളവന സ്വദേശി കുളങ്ങര വീട്ടിൽ തോമസ് കൊച്ചുമോൻ ജോർജിനാണു പുരസ്കാരം ലഭിച്ചത്. ഈ വർഷം അവാർഡ് സ്വന്തമാക്കിയ ഏക ഇന്ത്യക്കാരനും തോമസാണ്. ഐഫോൺ 17 പ്രോ മാക്സും സർട്ടിഫിക്കറ്റും അടങ്ങിയ അവാർഡ് രാജ്യാന്തര സന്നദ്ധപ്രവർത്തക ദിനത്തോടനുബന്ധിച്ചു സമ്മാനിച്ചു.
22 വർഷമായി ദുബായിൽ പിആർഒ ആയി ജോലി ചെയ്യുന്ന തോമസ് ഒഴിവു സമയങ്ങൾ സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു. കോവിഡ് കാലത്തു സേവനങ്ങൾ ജനങ്ങൾക്കരികിലെത്തിക്കുന്നതിൽ തോമസ് കൂടുതൽ സജീവമായി. ഒരു വർഷക്കാലമായി ദുബായ് പൊലീസിന്റെ വൊളന്റിയറിങ് ടീമിനൊപ്പമാണു പ്രവർത്തനം. കുറ്റകൃത്യമില്ലാത്ത എമിറേറ്റ് എന്ന ലക്ഷ്യത്തോടെ തൊഴിലാളികൾക്കിടയിലാണ് സേവനമെത്തിക്കുന്നത്.
ഭാര്യ: റീന ജോൺ (നഴ്സ്). മകൻ: ആബേൽ തോമസ്. സമൂഹത്തിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ സന്നദ്ധപ്രവർത്തകരുടെ പങ്ക് വലുതാണെന്ന് അവാർഡ് വിതരണ ചടങ്ങിൽ ദുബായ് പൊലീസ് (അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ്) ഡപ്യൂട്ടി കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ ഡോ. അഹ്മദ് സാൽ അൽ മുഹൈരി പറഞ്ഞു. ദുബായ് പൊലീസിന്റെ ‘വൊളന്റിയറിങ് പ്ലാറ്റ്‌ഫോം’ വഴി 8 വർഷത്തിനിടെ 22 ലക്ഷത്തിലേറെ മണിക്കൂറുകൾ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയതായി പൊലീസ് സൂചിപ്പിച്ചു.
സന്നദ്ധ പ്രവർത്തനങ്ങൾക്കു താൽപര്യമുള്ളവർ ദുബായ് പൊലീസ് വൊളന്റിയറിങ് പ്ലാറ്റ്‌ഫോമിൽ ചേരണമെന്നും അഭ്യർഥിച്ചു. ചടങ്ങിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡപ്യൂട്ടി കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസി, കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
