Wednesday, August 27, 2025

കൊല്ലം അശ്രാമം ഇ.എസ്.ഐ യിലെ ശ്യാം ഡോക്ടർക്ക് സ്ഥലംമാറ്റം, നിറകണ്ണുകളോടെ രോഗികൾ;

ഓരോ ഡോക്ടർമാർക്കും ഒരു പാഠമാണ്.. ഒരു പാഠശാലയാണ് ശ്യാം ഡോക്ടർ.

കൊല്ലം 30-52023: ആശ്രാമം ഇ.എസ്.ഐ ഹോസ്പിറ്റലിൽ കഴിഞ്ഞ 12 വർഷമായി സേവനമനുഷ്ഠിക്കുന്ന ന്യൂറോളജി വിഭാഗം മേധാവി ശ്യാം ഡോക്ടർക്ക് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെ തുടർന്നാണ് ഡോക്ടറെ കാണാൻ വരുന്ന ഓരോ രോഗികളും കൺസൾട്ടിങ് കഴിഞ്ഞു നിറകണ്ണുകളോടെ ഇറങ്ങിപ്പോകുന്നത്. വാ തോരാതെ സംസാരിക്കുന്ന ഡോക്ടർ രോഗികളുടെ സങ്കടം കണ്ടിട്ട് കുറച്ചു ദിവസങ്ങളായി സംസാരം തീരെ കുറവാണ്. കാരണം സ്ഥലം മാറി പോകുന്നു എന്നറിഞ്ഞ രോഗികളുടെ സങ്കടം കണ്ടിട്ട്, അവരുടെ കണ്ണ് നിറയുന്നത് കണ്ടിട്ട് ശബ്ദം ഇടറിപ്പോകുന്നുവെന്നും തന്റെ മനസിനെ നിയന്ത്രിക്കാനാവില്ലെന്നും വിതുമ്പലോടെ ഡോക്ടർ പറഞ്ഞു. ശ്യാം ഡോക്ടർ സ്ഥലം മാറി പോകരുതേ എന്ന ഒരു പ്രാർത്ഥനയെ ഉള്ളു ഓരോ രോഗികൾക്കും. അത്രയ്ക്ക് ആത്മബന്ധമാണ് ശ്യാം ഡോക്ടറെ കാണാൻ വരുന്ന ഓരോ രോഗികൾക്കും ഡോക്ടറോടും, ഡോക്ടർക്ക് തിരിച്ചു രോഗികളോടും ഉള്ളത്.

ഒരിക്കൽ ശ്യാം ഡോക്ടറെ കാണാൻ വരുന്ന രോഗികളോ രോഗികളുടെ കൂടെയുള്ള ബന്ധുക്കളോ ഒരിക്കലും മറക്കില്ല ഈ മനുഷ്യനെ. അത്രമാത്രം സ്നേഹത്തോടെയാണ് ഓരോ രോഗികളെയും പരിചരിക്കുന്നത്. ഡോക്ടറിന് വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പൂജകൾ നടത്താറുള്ള രോഗികൾ നിരവധിയാണ്. രോഗികളോട്‌ അവരുടെ രോഗങ്ങളെ കുറിച്ച് മാത്രമല്ല അന്വേഷിക്കാറുള്ളത്, അവരുടെ വീട്ടിലെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും മക്കൾ മാതാപിതാക്കളെ പരിചരിക്കാറുണ്ടോ എന്നുമൊക്കെ ഡോക്ടർ അന്വേഷിക്കാറുണ്ട്. തൊഴുകൈകളോടെയാണ് ഓരോ രോഗികളെയും ചികിൽസിക്കാൻ തുടങ്ങുന്നത്. ഇങ്ങനൊരു ഡോക്ടറെ മറ്റെങ്ങും കാണാൻ കഴിയില്ല അതും ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടറെ.

ഡോക്ടറെപറ്റി എടുത്തു പറയേണ്ട ഒരു കാര്യം പാലിയേറ്റിവ് രോഗികളെ ആഴ്ചയിൽ മൂന്നു ദിവസം അവരുടെ വീട്ടിൽ പോയി സൗജന്യമായി ചികിൽസിക്കാറുണ്ട് എന്നുള്ളതാണ്. ചിറയിൻകീഴ് സ്വദേശിയായ ശ്യാം ഡോക്ടർ പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ചിട്ട് കൊല്ലം ആശ്രാമം ഇ.എസ്. ഐ ഹോസ്പിറ്റലിലേക്ക് ജോലി ചോദിച്ചു വാങ്ങുകയായിരുന്നു.

ചെന്നൈയിലേക്കുള്ള സ്ഥലം മാറ്റം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ് ഓരോ രോഗികളും. പതിനായിരക്കണക്കിന് വരുന്ന നിർധനരായ രോഗികളുടെ ഈ പ്രാർത്ഥന കാണാതെ പോകരുതേ എന്ന് അപേക്ഷിക്കുകയാണ് ആരോഗ്യ മേഖലയിലെ അധികാരികളോട്.

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts