കൊല്ലം : മാധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന മീഡിയ റിലേഷൻസ് കമ്മിറ്റിയോഗത്തിൽ അധ്യക്ഷനായ ജില്ലാ കലക്ടർ പെരുമാറ്റചട്ടലംഘനം സ്ഥാനാർഥികളുടെ അയോഗ്യതയ്ക്ക് ഇടയാക്കുമെന്ന് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ ആധുനികശാസ്ത്രസാങ്കേതികവിദ്യയിലൂടെ അപകീർത്തികരവും ചട്ടവിരുദ്ധവുമായ ഒന്നും പ്രചരിപ്പിക്കരുത്. നിർമിതബുദ്ധിയിലൂടെ തീർക്കുന്ന പ്രചാരണങ്ങളിൽ വ്യക്തികളുടെ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പരാതികൾ ഉയർന്നാൽ സൈബർ പൊലിസിന് കൈമാറി തെളിവെടുപ്പ് നടത്തി കർശന നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പങ്കെടുത്ത പൊതുനിരീക്ഷകൻ സബിൻ സമീദ് വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളെല്ലാം പ്രത്യേകനിരീക്ഷണത്തിന് വിധേയമാക്കണമെന്ന് നിർദേശിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയും അഭ്യർഥിച്ചു.
സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, അംഗങ്ങളായ ഐ ആന്റ് പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. ശൈലേന്ദ്രൻ, കെ. രാജൻ ബാബു, ഇഗ്നേഷ്യസ് പെരേര, ലോ ഓഫീസർ എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
