കൊല്ലം : ശാരീരിക അവശതകൾ കാരണം പോളിംഗ്ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താൻ പ്രയാസപ്പെടുന്നവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ഹോം വോട്ടിംഗ് സേവനത്തിന് ജില്ലയിൽ തുടക്കമായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
85 വയസ് പിന്നിട്ട മുതിർന്ന പൗര•ാർക്കും ഭിന്നശേഷിവിഭാഗത്തിൽപ്പെട്ടവർക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിനാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയത്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയും രഹസ്യസ്വഭാവം ഉറപ്പാക്കിയും വോട്ടിംഗ്പ്രക്രിയയുടെ നടപടികളെല്ലാം പാലിച്ചാണ് നടത്തുന്നത്. ജില്ലയിലെ അർഹരായ മുഴുവൻ സമ്മതിദായകരെയും ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രയത്‌നം തുടരും.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 14912 സമ്മതിദായകർക്കായാണ് ഈ സൗകര്യം. 85 വയസ്സിന് മുകളിൽ പ്രായമുള്ള 10855 പേരും ഭിന്നശേഷിക്കാരായ 4057 പേരും ഉൾപ്പെടുന്നു. ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന 12 ഡി ഫോമിൽ മുൻകൂട്ടി അപേക്ഷ നൽകിയവർക്കാണ് വോട്ടുചെയ്യാവുന്നത്.
ജില്ലയിൽ 11 മണ്ഡലങ്ങളിലായി 137 പോളിംഗ് സംഘങ്ങളും 22 റിസർവും ഉൾപ്പടെ ആകെ 159 പോളിംഗ് സംഘങ്ങളുണ്ട്. ഒരു സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, ഫോട്ടോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ വോട്ടറുടെയും വീട് സന്ദർശിക്കുന്നത്. വീടുകളിൽ എത്തുന്ന തീയതിയും സമയവും വോട്ടർമാരെ മുൻകൂട്ടി അറിയിക്കുന്നുണ്ട്. സംഘത്തോടൊപ്പം ബന്ധപ്പെട്ട ബി എൽ ഒമാരും ഉണ്ടാവും.
ആദ്യസന്ദർശനവേളയിൽ വോട്ടർ വീട്ടിലില്ലെങ്കിൽ, രണ്ടാമതൊരു അവസരം കൂടി നൽകും. ഏപ്രിൽ നാലാം തീയതി വരെ പ്രക്രിയ തുടരും. ഓരോ നിയോജകമണ്ഡലത്തിലും നിയോഗിച്ച പോളിംഗ് സംഘങ്ങളുടെ എണ്ണം: കരുനാഗപ്പള്ളി: 14, ചവറ: 11, കുന്നത്തൂർ: 15, കൊട്ടാരക്കര: 14, പത്തനാപുരം: 15, പുനലൂർ: 15, ചടയമംഗലം: 16, കുണ്ടറ: 11, കൊല്ലം: 8, ഇരവിപുരം: 7. ചാത്തന്നൂർ: 11.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
