കലക്ടറേറ്റിൽ മീഡിയ സർട്ടിഫിക്കേഷൻ & മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
കൊല്ലം : ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുൻകൂർ സർട്ടിഫിക്കേഷൻ വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചേമ്പറിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു. വിദ്വേഷ-അപകീർത്തികരമായ പ്രചാരണം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമായ മാധ്യമനിരീക്ഷണം, പരസ്യങ്ങൾക്കും മറ്റുമുള്ള അനുമതി തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.
ടി.വി./കേബിൾ ചാനലുകൾ, ബൾക്ക് എസ്.എം.എസ്., വോയിസ് മെസേജ്, ഇ-പേപ്പർ, പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്ന ഓഡിയോ/വീഡിയോ, ഇന്റർനെറ്റ്-സോഷ്യൽമീഡിയ വെബ്‌സൈറ്റുകൾ, സിനിമാതിയറ്റർ, റേഡിയോ എന്നിവയിൽ നൽകുന്ന രാഷ്ട്രീയപരസ്യങ്ങൾക്ക് പ്രീ- സർട്ടിഫിക്കേഷൻ നിർബന്ധമാണ്. വോട്ടെടുപ്പിന്റെ തലേദിവസവും വോട്ടെടുപ്പ് ദിവസവും പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യത്തിനും തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കും പ്രീ സർട്ടിഫിക്കേഷൻ ഉണ്ടയാരിക്കണം.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർപേഴ്‌സണായ എം.സി.എം.സി. സമിതിയാണ് അപേക്ഷ പരിശോധിച്ച് സർട്ടിഫിക്കേഷൻ നൽകുക. എം.സി.എം.സി. സർട്ടിഫിക്കേഷനില്ലാതെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താൽ ജനപ്രാതിനിധ്യനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും സുപ്രീകോടതി വിധിയുടെ ലംഘനം കണക്കിലെടുത്തും കർശനമായ നിയമനടപടികൾ സ്വീകരിക്കും. എം.സി.എം.സി. സർട്ടിഫിക്കേഷൻ ലഭിച്ച പരസ്യങ്ങൾ മാത്രം സംപ്രേഷണം/പ്രസിദ്ധീകരിക്കാൻ മാധ്യമസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
യോഗത്തിൽ എം.സി.എം.സി അംഗങ്ങളായ സബ്കലക്ടർ മുകുന്ദ് ഠാക്കൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഡോ. രമ വി., ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ജിജി ജോർജ്, മീഡിയ നോഡൽ ഓഫീസർ എൽ. ഹേമന്ത് കുമാർ, മുതിർന്ന മാധ്യമപ്രതിനിധി ഇഗ്നേഷ്യസ് പെരേര എന്നിവർ പങ്കെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ