Monday, June 16, 2025

സാമൂഹ്യനീതി വകുപ്പിൽ കീർത്തിമുദ്ര പതിപ്പിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസർ മോഹനൻ്റെ പടിയിറക്കം;

പത്തനംതിട്ട : പ്രവർത്തന മികവ് കൊണ്ട് സാമൂഹ്യ നീതി വകുപ്പിൽ കീർത്തിമുദ്ര പതിപ്പിച്ച സൂപ്രണ്ട് ബി. മോഹനൻ ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു.

ചുമതല വഹിക്കാനവസരം കിട്ടിയ വൃദ്ധസദനങ്ങളിലും ചിൽഡ്രൻസ് ഹോമുകളിലും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും സമാനതകളില്ലാത്ത സൗഹൃദാന്തരീക്ഷങ്ങൾ ഒരുക്കിയതിലൂടെയുമാണ് മോഹനൻ ശ്രദ്ധേയനായത്. അന്തേവാസികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകുന്നതായിരുന്നു പ്രവർത്തന രീതി. വിവിധ പ്രോജക്ടുകൾ സമന്വയിപ്പിച്ച് ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ അനാഥത്വം പേറി അഗതി മന്ദിരങ്ങളിലെത്തിയവരുടെ അന്തസും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ നടത്തിയ ഇടപെടലുകൾ പരക്കെ അംഗീകരിക്കപ്പെട്ടു. ആരോഗ്യ സാമൂഹ്യനീതി മന്ത്രിയായിരിക്കെ കെ.കെ. ശൈലജ ടീച്ചറും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോട്ടയം ഗവ.ചിൽഡ്രൻസ് ഹോമിലെ നവീകരിച്ച കെട്ടിട ഉദ്ഘാടന ചടങ്ങിൽ ഒരേ വേദിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രശംസിച്ചിരുന്നു.

കോട്ടയം ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ടായിരിക്കെ മാതൃകാപരമായ ഇടപെടലുകൾക്ക് 2018, 2019, 2020 വർഷങ്ങളിൽ സംസ്ഥാന സർക്കാർ പുരസ്ക്കാരം മോഹനന് ലഭിച്ചിരുന്നു. കൊല്ലം ഗവ.വൃദ്ധ സദനത്തിന് 2022 ൽ വയോസേവന പുരസ്ക്കാരം ലഭിക്കുന്നത് മോഹനൻ സൂപ്രണ്ടായിരിക്കെയാണ്. ബുദ്ധി പരിമിതിയുള്ള കുട്ടികളുടെ അഭയകേന്ദ്രമായ മലപ്പുറം തവനൂർ പ്രതീക്ഷാ ഭവൻ സൂപ്രണ്ടായിരിക്കെ അന്തേവാസികളുടെ പുനരധിവാസത്തിന് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. ഒന്നാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൽ തിരൂരിൽ നടത്തിയ സർക്കാർ പ്രദർശന വിപണന മേളയിലെ ഹൈലൈറ്റ് പ്രതീക്ഷാ ഭവൻ്റെ എബിലിറ്റി ഷോപ്പായിരുന്നു. 2023 ലാണ് പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസറാകുന്നത്. ശബരിമല മണ്ഡലകാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി ഒറ്റപ്പെട്ടവരെയും ഭിക്ഷാടനത്തിന് എത്തിയവരെയും തിരികെ നാടുകളിലേക്കയച്ച് പുനരധിവസിപ്പിക്കുന്നതിൽ ശ്രമകരമായ ദൗത്യമാണ് ഇക്കാലയളവിൽ ഏറ്റെടുത്തത്.

എഴുകോൺ ചട്ടേൽ വീട്ടിൽ താമസിക്കുന്ന മോഹനൻ 1992 ൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായാണ് സേവനം തുടങ്ങിയത്. 1994 ൽ സാമൂഹിക നീതി വകുപ്പിലേക്ക് എത്തി. 2012 ൽ കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട ലെയ്സൺ ഓഫീസറായ മോഹനൻ പിന്നീടുള്ള പത്ത് വർഷക്കാലം സാമൂഹ്യ നീതി വകുപ്പിൻ്റെ വിവിധ സംരക്ഷണ കേന്ദ്രങ്ങളുടെ ചുമതലക്കാരനായിരുന്നു. 32 വർഷക്കാലത്തെ സർവീസ് ജീവിതം അവസാനിക്കുമ്പോൾ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള നിരാലംബരായവരെ ജീവിതത്തിൽ ചേർത്ത് പിടിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് പടിയിറങ്ങുന്നത്.

ഭാര്യ: രാജേശ്വരി
മക്കൾ : അനന്ദു മോഹൻ, ആവണി
മരുമക്കൾ : അനുഷ, നിതിൻരാജ്

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts