കുണ്ടറ : ഇന്ന് പെയ്ത ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന വയോധികയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 ഓടെ പെരുമ്പുഴ തലപ്പറമ്പ് കരയോഗത്തിന് സമീപത്തായിരുന്നു അപകടം. തലപ്പറമ്പ് ആർജിഎസ് ഭവനിൽ ഗിരിജക്കാണ് പരുക്കേറ്റത്. വീടിനോടു ചേർന്നുള്ള ഇരുപത്തിയഞ്ചു അടിയോളം ഉയരത്തിലുള്ള ഭൂമിയുടെ സംരക്ഷണ ഭിത്തിയടക്കം തകർന്ന് താഴെയുള്ള വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
സംഭവ സമയം അടുക്കളയിൽ നിൽക്കുകയായിരുന്നു ഗിരിജ. മണ്ണിൽ വീണുകിടന്ന ഗിരിജയെ സമീപവാസികൾ എത്തി പുറത്തെടുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗിരിജയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഉൾവശം മുഴുവൻ ചെളി നിറഞ്ഞ നിലയിലാണ്. ഫ്രിഡ്ജ്, ടിവി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു.
ഗിരിജയോടൊപ്പം മകൻ സന്ദീപ്, ഭാര്യ തുഷാര, മക്കളായ ശ്രേയ, സ്നേഹ എന്നിവർ താമസം ഉണ്ടായിരുന്നെങ്കിലും സംഭവ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
സംരക്ഷണ ഭിത്തി കെട്ടിയതിലെ അശാസ്ത്രീയതയും ഉയരത്തിലുള്ള ഭൂമിയിൽ വീണ്ടും മണ്ണിട്ട് നിരത്തുകയും ചെയ്തതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡി. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ എന്നിവർ സ്ഥലത്ത് എത്തി. സമീപത്തെ വീടുകളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കാൻ നിർദ്ദേശം നൽകി. കുണ്ടറ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080