Saturday, October 11, 2025

കൈതക്കോട് അങ്കണവാടിയിൽ കോൺക്രീറ്റ് അടർന്നുവീണ് അപകടം; തലനാരിഴയ്ക്ക് രക്ഷപെട്ട് കുരുന്നുകൾ;

പുത്തൂർ : പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് കന്നുമുക്ക് 88 നമ്പർ അങ്കണവാടിയുടെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് സിമന്റ് അടർന്നുവീണു രണ്ടു കുട്ടികളുടെ തലയ്ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ഉച്ചയോടെ ആണ് അപകടം ഉണ്ടായത്. മൂന്നും മൂന്നരയും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾക്കാണ് മുറിവേറ്റത്.

പ്രധാന മുറിയിലേക്ക് കയറുന്ന വാതിലിനോട് ചേർന്ന ഭാഗത്താണ് സിമന്റ് അടർന്നുവീണത്. ആറടിയോളം നീളത്തിലും നാലടി വീതിയിലും അടർന്നുപോയ സിമന്റ് പാളി മേശയിൽ വീണു ചിതറിയശേഷം കുട്ടികളുടെ ശരീരത്തേക്ക് വീഴുകയായിരുന്നു. വാതിലിനോട് ചേർന്ന ഭാഗത്ത് അങ്കണവാടി അധ്യാപിക രാജത്തിന് ഒപ്പം ഇരിക്കുകയായിരുന്ന ഒരു കുട്ടിക്കാണ് ഇടതു നെറ്റിയുടെ പിൻഭാഗത്തായി മുറിവേറ്റത്.

തലയിൽ ആറു തുന്നൽ ഇടേണ്ടിവന്നു. മറ്റു കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതിലൊരാളാണ് പരിക്കേറ്റ മറ്റൊരു കുട്ടി. മറ്റു ചില കുട്ടികളുടെ ശരീരത്തേക്കും സിമന്റ് കഷ്ണങ്ങൾ വീണെങ്കിലും ആർക്കും പരിക്കില്ല. വർക്കർ സിബി രാജവും ഹെൽപ്പർ വത്സലകുമാരിയും ചേർന്ന് പെട്ടെന്ന് കുട്ടികളെയെല്ലാം പുറത്തെത്തിച്ചു.

വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കളുടെയും, പഞ്ചായത്ത് പ്രസിഡണ്ട് വി. രാധാകൃഷ്ണന്റെയും, വാർഡംഗം സ്മിതയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സാ ചെലവ് മുഴുവനും പഞ്ചായത്ത് ആണ് വഹിച്ചത്. 10 വർഷം മുമ്പ് നവീകരിച്ച അങ്കണവാടിയാണിത്. പിന്നീട് അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. അങ്കണവാടി സുരക്ഷിതമായി നവീകരിക്കുന്നത് വരെ കണ്ണുമുക്കിലെ രണ്ടു മുറി കട വാടകയ്ക്ക് എടുത്ത് പ്രവർത്തനം മാറ്റാൻ തീരുമാനിച്ചതായി വാർഡ്അംഗം പറഞ്ഞു. അടുത്ത ദിവസം മുതൽ അങ്കണവാടി ഇവിടെ പ്രവർത്തിച്ചു തുടങ്ങും.

വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ നിഷ നായർ, സൂപ്പർവൈസർ ബേനസീർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts