കുണ്ടറ : പുതിയതായി നിർമ്മിച്ച കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. 19ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, ജില്ലയിലെ മറ്റ് മന്ത്രിമാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
എട്ട് നിലകളാണ് ആശുപത്രി കെട്ടിടത്തിന് ഉള്ളത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, അൾട്രാ സൗണ്ട് സ്കാനിങ്, എക്സറേ, മാമോഗ്രാഫി. ഒന്നാം നിലയിൽ അഞ്ച് കിടക്കകൾ വീതമുള്ള സർജിക്കൽ ഐസിയു, മെഡിക്കൽ ഐസിയു, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സർജറി വാർഡുകൾ, കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കുന്നതിനായി വിശ്രമമുറി. രണ്ടാം നിലയിൽ ഓപി ബ്ലോക്ക്, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്. മൂന്നാം നിലയിൽ രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ. നാലാം നിലയിൽ ഡെന്റൽ ഡിപ്പാർട്ട്മെന്റ്, ഡെന്റൽ പ്രൊസീജിയർ റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക മെഡിക്കൽ വാർഡുകൾ. അഞ്ചാം നിലയിൽ ഐസിയു, പ്രത്യേക വാർഡുകൾ, ജീവനക്കാർക്കായുള്ള ഡോർമെറ്ററി. ആറാം നിലയിൽ എട്ട് പേവാർഡുകൾ, ഡോക്ടർമാർക്കായി കോട്ടേഴ്സുകൾ. ബേസ്മെന്റ് ഫ്ലോറിൽ മോർച്ചറിയും പോസ്റ്റുമോർട്ടം റൂമും അടക്കം എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.
ആശുപത്രി പൂർണ സജ്ജം ആകണമെങ്കിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും നിയമനവും മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി എത്തിയാൽ മാത്രമേ സാധ്യമാവുകയുള്ളൂ. പ്രാഥമികമായ പ്രവർത്തനങ്ങൾ ഉദ്ഘാടന ദിവസം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. കിഫ്ബിയിൽ നിന്നും അനുവദിച്ച 76 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
