Tuesday, March 10, 2026

കൊട്ടാരക്കര ഐ ടി പാർക്ക് നിർമാണോദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

കൊട്ടാരക്കര : കേരളത്തിന്റെ ഐ ടി കയറ്റുമതി കുതിച്ചുയരുന്നത് സർക്കാരിന്റെ നൂതന സാങ്കേതികവിദ്യാ പ്രോത്സാഹനനയം കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിൽ കൊട്ടാരക്കര ഐ ടി പാർക്കിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരേക്കർ ഭൂമിയിൽ 80 കോടി രൂപ ചെലവിൽ ഒന്നര ലക്ഷം ചതുരശ്രയടിയിൽ എട്ട് നിലകളിലായി ഐ ടി പാർക്ക് നിർമിക്കും. 1,200 ലധികം പേർക്ക് തൊഴിലെടുക്കാൻ അവസരമൊരുക്കുന്ന സംവിധാനം രവി നഗറിലെ കെ ഐ പി ഭൂമിയിലാണ് സ്ഥാപിക്കുന്നത്. ദേശീയപാത 66ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ, കൊല്ലത്തും കണ്ണൂരിലും ഐടി പാർക്ക് എന്നിവയ്ക്ക് ബജറ്റിൽ 1,000 കോടി രൂപ നീക്കിവച്ചിരുന്നു.


നഴ്‌സിംഗ് കോളജ്, സംസ്ഥാനത്തെ ആദ്യ ഡ്രോൺ പാർക്ക്, സയൻസ് മ്യൂസിയം- പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റി റീജ്യനൽ സെന്റർ ഉൾപ്പെടെ കൊട്ടാരക്കര വികസനത്തിന്റെ പാതയിലാണ്. ഐ ടി വ്യവസായം വളരുന്നതിനുള്ള മേഖലയിലെ സാധ്യത തുടർന്നും ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം 7,500 ആയി വർധിച്ചു. ദേശീയപാത, വിമാനത്താവളം, തുറമുഖം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളെല്ലാം കേരളത്തിലെ ഐ ടി നിക്ഷേപകരുടെ വർധനവിന് ഘടകങ്ങളാണ്.

ഊർജലഭ്യത ഉറപ്പാക്കുന്ന പവർഹൈവേ, ട്രാൻസ്ഗ്രിഡ് പദ്ധതി, ഗെയ്ൽ പൈപ്പ്‌ലൈൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ ഗുണഫലങ്ങൾ കൊട്ടാരക്കരയിലും ദൃശ്യമാണ്. ഗതാഗത രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കുന്ന എം.സി റോഡ് ബൈപാസ് നിർമാണത്തിന് 110 കോടി രൂപ അനുവദിച്ചു. വികസന പ്രവർത്തനങ്ങളെല്ലാം യാഥാർഥ്യമായതിന്റെ പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം ഓർമിപ്പിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി. 10 മാസത്തിൽ ഐ ടി പാർക്കിന്റെ നിർമാണം പൂർത്തീകരിക്കും. 15.50 കോടി രൂപയ്ക്ക് കൊട്ടാരക്കര നഗരസഭാ ആസ്ഥാനമന്ദിരത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി ആദ്യ ബാച്ചിന് പണം നൽകുന്ന നടപടികളിലേക്ക് നീങ്ങുകയാണ്. കൊട്ടാരക്കര കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും. കരാർ നടപടികൾ പൂർത്തിയായ കൊട്ടാരക്കര ഗണപതി ക്ഷേത്രം പിൽഗ്രിം സെന്റർ നിർമാണം ഉടൻ ആരംഭിക്കും. കൊട്ടാരക്കര മാർക്കറ്റിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി എഴുകോൺ, കരീപ്ര, വെളിയം ഭാഗങ്ങളിൽ 32 കോടി രൂപയുടെ റോഡ് നിർമാണം ആരംഭിച്ചു. കുളക്കട അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഡ്രോൺ നിർമാണം, പരിശീലനം എന്നിവയ്ക്കുള്ള കോഴ്സ് ആരംഭിക്കും. നാടിന്റെ ഭാവിക്കായുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐടി പാർക്ക് നിർമിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും മന്ത്രി സന്ദർശിച്ചു.

കെ ഐ ഐ ഡി സി സിഇഒ എസ്.തിലകൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആർ അരുൺ ബാബു, കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ ഷാജു, നഗരസഭാ കൗൺസിലർ വി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി.സരസ്വതി, അഡ്വ. വി.സുമലാൽ, കെ.എസ് ഷിജു കുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വിദ്യ, ദിവ്യ ചന്ദ്രശേഖർ, പി പ്രിയ, മനു ബിനോദ്, എസ്.രേഖ, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, ഐടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts