കൊല്ലം : ജില്ലയെ കൂടുതൽ സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന് ജാഗ്രതാ സമിതി ശക്തിപ്പെടുത്തൽ ക്യാമ്പയിന്റെയും സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം വടക്കേവിള ശ്രീ നാരായണ കോളജ് ഓഫ് ടെക്‌നോളജിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ നിർവഹിച്ചു.
സ്ത്രീകൾ സമൂഹത്തിന്റെ സമസ്ത മേഖലകളിലും മുൻനിരയിലേക്കെത്തുന്നത് തുടരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജെൻഡർ റിസോഴ്‌സ് സെന്ററും വനിതാ ശിശു വികസന വകുപ്പിന്റെ സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമനും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം. സൂസൻ വിഷയാവതരണം നടത്തി. ‘സ്ത്രീ സൗഹൃദ കൊല്ലം ജില്ലയ്ക്കായി്’ വിഷയത്തിൽ നടന്ന സെമിനാറിൽ ‘ജാഗ്രതാ സമിതി പ്രവർത്തനവും പ്രാധാന്യവും’ സെഷൻ തിരുവനന്തപുരം ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ. വി.എൻ അനീഷ നയിച്ചു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, വാർഡ് അടിസ്ഥാനത്തിലുള്ള ജാഗ്രതാ സമിതികളിൽ പരാതി നൽകുന്ന വിധം, ഓരോ തദ്ദേശസ്ഥാപനങ്ങളിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ജാഗ്രത സമിതിയുടെ പ്രവർത്തനവും പ്രാധാന്യവും തുടങ്ങിയവ വ്യക്തമാക്കി. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയവയുടെ പ്രാധാന്യം സംബന്ധിച്ച് ‘ജെൻഡർ അവബോധം’ സെഷനിൽ കില സ്പെഷ്യലിസ്റ്റ് ഇൻ വിമൻ സ്റ്റഡീസ് ഡോ.അമൃത് രാജ് ക്ലാസെടുത്തു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ, ഡെപ്യൂട്ടി കലക്ടർ അനിൽ ഫിലിപ്പ്, വനിതാ ശിശു വികസന ഓഫീസർ പി. ബിജി, വടക്കേവിള ശ്രീ നാരായണ കോളജ് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി അനിതാ ശങ്കർ, വനിതാ സംരക്ഷണ ഓഫീസർ എ.ഷീജ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ആർ. ബീന, ജെൻഡർ റിസോഴ്സ് സെന്റർ കൗൺസിലർ സലീന ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080