Saturday, October 11, 2025

എല്ലാ സൗകര്യങ്ങളുമുള്ള ബുർജ് ഖലീഫയിൽ സെപ്‌റ്റിക് ടാങ്ക് മാത്രമില്ല, അവിടെയുള്ളവർ എന്താണ് ചെയ്യുന്നത്..?

ദുബായ്: 163 നിലകളുള്ള ബുർജ് ഖലീഫയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം. 828 മീറ്ററാണ് ദുബായിലെ ഈ ആഡംബര അംബര ചുംബിയുടെ നീളം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തോടൊപ്പം താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതൽ നിലകളുള്ള കെട്ടിടം, ഏറ്റവും ഉയരത്തിൽ ആളുകൾ താമസിക്കുന്ന കെട്ടിടം, ഏറ്റവും ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ, ഏറ്റവും നീളം കൂടിയ എലിവേറ്റർ എന്നിങ്ങനെ വിവിധ റെക്കോർഡുകൾ ബുർജ് ഖലീഫയ്ക്കുണ്ട്. ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്കും (124ാം നിലയിൽ) ഇവിടെയുണ്ട്. സെക്കൻഡിൽ 18 മീറ്റർ വരെ വേഗതയുള്ള, 500 മീറ്ററിലധികം ഉയരത്തിൽ പ്രവർത്തിക്കുന്നതാണ് ഇവിടുത്തെ ലിഫ്‌റ്റുകൾ. സ്വിമ്മിംഗ് പൂളാകാട്ടെ 76ാമത്തെ നിലയിലും.

ഇത്രയേറെ പ്രത്യേകതകളുള്ള ബുർജിൽ സെപ്‌‌റ്റിക് ടാങ്ക് നിർമ്മിച്ചിട്ടില്ല എന്ന് അറിയുമോ? അതെന്താ അവിടാരും ടോയിലറ്റിൽ പോകാറില്ലേ എന്ന് ചോദിക്കാൻ വരട്ടെ. സെപ്‌‌റ്റിക് ടാങ്ക് സംവിധാനത്തിന് പകരം മറ്റൊരു ഏർപ്പാടാണ് ബുർജിൽ ഉള്ളത്. ട്രക്കുകളിലാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ദിവസേന, നിരവധി ട്രക്കുകൾ അവശിഷ്ടങ്ങൾ ശേഖരിച്ച് സിറ്റിക്ക് പുറത്തുകൊണ്ട് പോയി നീക്കം ചെയ്യും. എന്നാൽ വെറുതേ മരുഭൂമിയിൽ ഒഴുക്കിക്കളയുകയല്ല ചെയ്യുന്നത്. ഇത്തരം അവശിഷ്ടങ്ങൾ സംസ്‌കരിക്കാനുള്ള ഇടം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇവിടേക്കാണ് ട്രക്കുകൾ ഈ അവശിഷ്ടങ്ങൾ കൊണ്ടുപോയി സംസ്‌കരിക്കുക.

ഇത്രയധികം ആളുകൾ ഉപയോഗിക്കുന്ന കെട്ടിടത്തിൽ സെപ്‌റ്റിക് ടാങ്ക് ഉണ്ടാക്കുകയെന്നത് പ്രായോഗികമായിരുന്നില്ല. കെട്ടിട നിർമ്മാണ സമയത്ത് ഇത് പണിയുന്നതിനുള്ള അനുമതിയും ദുബായ് ഭരണകൂടം നൽകിയില്ല. വളരെ വേഗം ടാങ്ക് നിറയുമെന്നതും, ഇത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ വിലയിരുത്തി. തുടർന്നാണ് അവശിഷ്ടങ്ങൾ സിറ്റിക്ക് പുറത്ത് കൊണ്ടുപോയി കളയാമെന്ന് തീരുമാനിച്ചത്.

ഓരോദിവസവും മണിക്കൂറുകളോളം വേണ്ടിവരും ട്രക്കുകൾ അവശിഷ്ടങ്ങൾ നിറച്ച് പോകുന്നതിന്. അത്രയധികം ട്രക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 160 നിലകളിലായി 35,000 ആളുകളുള്ള ഈ കെട്ടിടത്തിൽ ഒരു ദിവസം ഏകദേശം ഏഴ് ടൺ മനുഷ്യ വിസർജ്യമുണ്ടാവും. ഇതിനൊപ്പം മറ്റ് അവശിഷ്ടങ്ങളും കൂടിയാവുമ്പോൾ ആകെ ഒരു ദിവസം വരുന്ന അവശിഷ്ടം 15 ടൺ ആവും. ഇതാണ് ഓരോ ദിവസവും മാറ്റേണ്ടത്.

സ്‌കിഡ്‌മോർ, ഓവിങ്സ് ആന്റ് മെറിൽ എന്ന സ്ഥാപനമാണ് ബുർജ് ഖലീഫ നിർമ്മിച്ചത്. അമേരിക്കയിലെ ഷിക്കാഗോയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബിൽ ബേക്കർ ചീഫ് സ്ട്രക്ചറൽ എഞ്ചിനീയറായും അഡ്രിയാൻ സ്മിത്ത് ചീഫ് ആർക്കിടെക്ടായുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചത്. സാംസങ് സി & ടി ആണ് പ്രധാന കോൺട്രാക്ടർ. 12000 ൽ അധികം തൊഴിലാളികൾ കെട്ടിടനിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഖലീഫയുടെ നിർമ്മാണം ആരംഭിച്ചത് 2004 സെപ്തംബർ 21നാണ്. ആറ് വർഷങ്ങൾക്ക് ശേഷം 2010 ജനുവരി നാലിന് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു. 95 കിലോമീറ്റർ ദൂരെ നിന്ന് തന്നെ കെട്ടിടം കാണാനാവും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts