കുണ്ടറ: വിഭാഗീയതയെത്തുടർന്നു പിളർന്ന സിപിഐ കുണ്ടറ മണ്ഡലം കമ്മിറ്റിയിൽ നിന്നു കൂട്ട രാജി. ഇളമ്പള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ മുൻ മണ്ഡലം സെക്രട്ടറിയും ഉൾപ്പെടെ മുന്നൂറോളം പേര് സിപിഐ യിൽ നിന്നും രാജി വച്ചതായാണു വിവരം ലഭിച്ചിരിക്കുന്നത്.
മുൻ പാർട്ടി മണ്ഡലം സെക്രട്ടറി ടി.സുരേഷ്, ഇളമ്പള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മണ്ഡലം വൈസ് സെക്രട്ടറിയുമായിരുന്ന ജലജ ഗോപൻ, സെക്രട്ടേറിയറ്റ് അംഗം സോണി വി.പള്ളം, സെക്രട്ടേറിയറ്റ് അംഗവും കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം.ഗോപാലകൃഷ്ണൻ, പേരയം എൽസി സെക്രട്ടറി ജോൺ വിൻസന്റ്, ഇളമ്പള്ളൂർ എൽസി സെക്രട്ടറി ഒ.എസ്.വരുൺ, എഐവൈഎഫ് കുണ്ടറ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാൻ, മഹിള സംഘം ഭാരവാഹികളായ ജയ, പ്രിഷിൽഡ വിൽസൺ എന്നിവരാണു രാജി വച്ച പ്രമുഖർ. കൂടാതെ 28 എൽസി അംഗങ്ങളും 22 ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ രാജി വച്ചതായാണു സൂചന. പാർട്ടി അംഗത്വമുള്ള ഒട്ടേറെ കുടുംബങ്ങൾ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാർട്ടി വിട്ടവർ സിപിഎം ൽ ചേരുന്നതിനു ചർച്ച നടത്തുന്നതായും സൂചനയുണ്ട്.
25 അംഗങ്ങൾ അടങ്ങുന്ന മണ്ഡലം കമ്മിറ്റിയിലെ 3 പേർക്കെതിരെ നേരത്തേ നടപടി സ്വീകരിച്ചിരുന്നു. 2 പേർ അംഗത്വം പുതുക്കിയില്ല. ബാക്കിയുണ്ടായിരുന്ന 20 പേരിൽ 10 പേർ കൂടി രാജി വച്ചതോടെ മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷം ഇല്ലാതായി.
കഴിഞ്ഞ മണ്ഡലം സമ്മേളനത്തിലാണു പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായത്. സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപരിനേതൃത്വത്തിന്റെ നിർദേശം ഒരു വിഭാഗം എതിർത്തതോടെ സമ്മേളനം തല്ലി പിരിഞ്ഞിരുന്നു. സെക്രട്ടറിയായിരുന്ന ടി.സുരേഷ് കുമാറിനെ മാറ്റി സേതുനാഥിനെ നിയമിക്കണമെന്നു ജില്ല സെക്രട്ടറിയുടെ നിർദേശം വന്നതോടെയാണ് തർക്കമുണ്ടായത്. മുൻപ് 8 തവണ സെക്രട്ടറിയായ സേതുനാഥിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതു ഭൂരിപക്ഷ പ്രതിനിധികളും എതിർത്തു. സുരേഷ് കുമാറിനെ തന്നെ നിലനിർത്തണം എന്നായിരുന്നു ആവശ്യം.
ഉപരിനേതൃത്വത്തിൽ നിന്നു സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹനൻ, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, അസി. സെക്രട്ടറിമാരായ സാം കെ.ഡാനിയൽ, എം.എസ്.താര, ജില്ലാ നേതാക്കളായ മന്മഥൻ നായർ, ആർ.എസ്.അനിൽ, ജി.ബാബു, ജഗദമ്മ എന്നിവരാണു ജില്ലാ എക്സിക്യൂട്ടീവ് തീരുമാനമായി സെക്രട്ടറി സ്ഥാനത്തേക്കു സേതുനാഥിന്റെ പേരു നിർദേശിച്ചത്.
എന്നാൽ, കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഈ നിർദേശം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തീരുമാനം ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചു.
പിന്നീട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലം കമ്മിറ്റി അംഗങ്ങളോടു വളരെ മോശം പരാമർശം നടത്തിയെന്നും ജില്ലാ കമ്മിറ്റിയുടെ വിഭാഗീയമായ നിലപാടിനുമെതിരെ പാർട്ടി സെക്രട്ടറിക്കു പരാതി നൽകി. എന്നാൽ, നടപടി ആയില്ലെന്നു മാത്രമല്ല 3 മണ്ഡലം കമ്മിറ്റി അംഗങ്ങൾക്ക് എതിരെ ജില്ലാ നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതാണു കൂട്ട രാജിയിൽ കലാശിച്ചതെന്നറിയുന്നു
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080