മകന്റെ സ്കൂട്ടർ രോഗിക്ക് നൽകി നാടിന് അഭിമാനമായി ശക്തികുളങ്ങര സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ ബാൾഡ്വിൻ വട്ടത്തറ
കൊല്ലം :- നടക്കാൻ വയ്യാത്ത രോഗിക്ക് മുച്ചക്ര വാഹനം വാങ്ങി നൽകാമെന്ന വാക്ക് പാലിക്കാൻ മകന്റെ സ്കൂട്ടർ തന്നെ നൽകാൻ തയ്യാറായ ശക്തികുളങ്ങര സ്വദേശിയായ ബാൾഡ്വിൻ വട്ടത്തറ എന്ന പോലീസ് ഉദ്യോഗസ്ഥൻ സമൂഹത്തിന് മാതൃകയാവുകയാണ്.
മരുത്തടി സ്വദേശി സന്തോഷിനാണ് അദ്ദേഹം മകന്റെ സ്കൂട്ടർ നൽകിയത്. അടൂർ കെ.എ.പി 3 ബറ്റാലിയനിൽ സബ് ഇൻസ്‌പെക്ടർ ആണ് ബാൾഡ്വിൻ വട്ടത്തറ.
ആറ് വർഷം മുൻപ് മരണത്തെ മുഖാമുഖം കണ്ട രോഗാവസ്ഥയിൽ നിന്ന് തിരിച്ച് വന്ന വ്യക്തിയാണ് സ്കൂട്ടർ സ്വീകരിച്ച സന്തോഷ്. നടക്കാൻ പറ്റാത്ത സ്ഥിതിയിലായ അദ്ദേഹത്തിന് ഒന്നിലധികം തവണ മുചക്ര വാഹനം വാങ്ങി നൽകുന്നതിന് ചില സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച രീതിയിൽ ഫണ്ട് ലഭിക്കാഞ്ഞതിനാൽ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഒരു മുച്ചക്ര വാഹനം കിട്ടിയാൽ മറ്റുള്ളവരെ ആശ്രയിക്കാതെ തൊഴിൽ ചെയ്ത് ജീവിക്കാമെന്നുള്ള ആഗ്രഹം ആറ് മാസം മുൻപാണ് സന്തോഷ് കാരുണ്യപ്രവർത്തകൻ കൂടിയായ ബാൾഡ്വിൻ വട്ടത്തറയോട് പങ്കു വെച്ചത്. ക്രിസ്തുമസ് ദിനത്തിനുള്ളിൽ വണ്ടി നൽകാമെന്ന വാഗ്ദാനമായിരുന്നു ബാൾഡ്വിൻ വട്ടത്തറയുടെ മറുപടി.
പക്ഷെ പുതിയത് വാങ്ങി നൽകാൻ കഴിയാഞ്ഞതുമൂലം സ്വന്തം മകന്റെ സ്കൂട്ടർ തന്നെ സന്തോഷിനു നൽകുവാൻ തയ്യാറാവുകയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ. ക്രിസ്തുമസ് ദിനത്തിൽ തന്റെ വാക്ക് പാലിച്ച ഉദ്യോഗസ്ഥൻ ഇപ്പോൾ പോലീസ് സേനയുടെയും നാടിന്റെയും അഭിമാനമായി മാറുകയാണ്.
കോവിഡ് കാലത്ത് പാവപ്പെട്ട കുട്ടികൾക്ക് മുപ്പത്തഞ്ചിലധികം മൊബൈൽ ഫോണുകൾ വാങ്ങിക്കൊടുത്തും, ഭവനമില്ലാത്തവർക്ക് ഭവനങ്ങൾ നിർമിച്ചു കൊടുത്തും അനേകം സംഘടനകളുടെ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളിയായും ജനമൈത്രി പോലീസ് എന്ന വാക്കിന് നന്മയുടെ അർത്ഥം കണ്ടെത്തുന്നുണ്ട് കാരുണ്യമനസ്സിനുടമയായ ഈ പോലീസ് ഉദ്യോഗസ്ഥൻ.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!