കൊല്ലം : എല്ലാവരുടെയും കുട്ടിക്കാലത്തെ ചേഷ്ടകൾ ആരെയും ആകർഷിക്കുന്ന തരത്തിലായിരിക്കും. പ്രത്യേകിച്ച് മാതാപിതാക്കളെ. പൊന്നോമനകളുടെ ആ ചിരിയും കളിയും കുറുമ്പും കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു രസമാണ്. ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ കുസൃതികൾ ആകട്ടെ വളരെയേറെ കൗതുകമുണർത്തുന്നതുമാണ്.
പൊന്നോമനകളുടെ വളർച്ച അങ്ങേയറ്റം കൗതുകത്തോടെ കണ്ടുകൊണ്ടിരിക്കുന്ന അച്ഛനമ്മമാർ എന്നും ആ അസുലഭ നിമിഷങ്ങൾ ജീവിതത്തിലുടനീളം കണ്ടുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അതിനാൽ തന്നെ ഈ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യമുള്ള മേഖലയായി ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് മാറിക്കഴിഞ്ഞു.
ഫോട്ടോഗ്രാഫിയുടെ ഒരു ഭാഗമാണ് ന്യൂബോൺ ബേബി ഫോട്ടോ ഷൂട്ടെങ്കിലും സാധാരണ ഫോട്ടോ ഷൂട്ടുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഫോട്ടോഗ്രഫിയാണ് ന്യൂബോൺ ബേബി ഫോട്ടോഷൂട്ട്. വളരെയധികം പ്രയാസമേറിയതും അങ്ങേയറ്റം ക്ഷമ ആവശ്യമുള്ളതുമായ ന്യൂബോൺ ബേബി ഫോട്ടോ ഷൂട്ടിലേക്ക് കടന്നുവരുവാൻ മിക്ക ഫോട്ടോഗ്രാഫേഴ്‌സും മടി കാണിക്കാറുണ്ട്. കാരണം ഫോട്ടോക്ക് പോസ് ചെയ്യേണ്ടത് മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ ആയതുകൊണ്ടാണ്.
കഴിഞ്ഞ നാല് വർഷമായി ‘ബേബി സ്‌റ്റോറീസ് ബൈ ആർച്ച’ എന്ന സ്ഥാപനം നടത്തിവരുന്ന ആർച്ച കൊല്ലത്തെ തന്നെ ആദ്യത്തെ ലേഡി ന്യൂബോൺ ബേബി ഫോട്ടോഗ്രാഫറാണ്. പതിനേഴ് വർഷമായി വെഡ്ഡിങ് ഫോട്ടോഗ്രാഫി മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രാജഗിരി വെഡ്ഡിങ് സ്റ്റുഡിയോ ഉടമയായ ഭർത്താവ് ദീപു രാജഗിരിയാണ് ആർച്ചയ്ക്ക് എല്ലാവിധ സപ്പോർട്ട് നൽകുന്നതും ആർച്ചയുടെ വിജയത്തിന് പിന്നിലും. ദീപുവിന്റെ പൂർണ്ണ സപ്പോർട്ട് ഉള്ളതിനാൽ കേരളത്തിലെവിടെ നിന്നും വരുന്ന വർക്കുകൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാനും ആർച്ചയ്ക്ക് കഴിയാറുണ്ട്.
വിവാഹശേഷം ഫോട്ടോഗ്രാഫിയോട് അതിയായ താല്പര്യം തോന്നിത്തുടങ്ങിയ ആർച്ചയ്ക്ക് കുട്ടികളോടുള്ള അമിതമായ ഇഷ്ടമാണ് ന്യൂബോൺ ബേബി ഫോട്ടോഗ്രാഫി മേഖല തിരഞ്ഞെടുക്കാനുള്ള കാരണവും. ഈ മേഖലയോട് തോന്നിയ താല്പര്യം കൊണ്ട് ബാംഗ്ലൂരിൽ ന്യൂബോൺ ബേബി ഫോട്ടോഗ്രാഫിയിൽ ബിരുദം എടുക്കുകയും ചെയ്തു.
ആവശ്യക്കാർക്ക് അവരുടെ വീട്ടിൽ ചെന്ന് ഫോട്ടോകൾ എടുത്തു കൊടുക്കുമെന്നതിനു പുറമേ ആർച്ചയുടെ തന്നെ കൊല്ലത്തെ സ്റ്റുഡിയോയിലെത്തിയും കുട്ടികൾക്ക് ഫോട്ടോഷൂട്ട് നടത്താവുന്നതാണ്. എത്ര നിർബന്ധവും, കുറുമ്പുമുള്ള കുഞ്ഞുങ്ങൾ ആർച്ചയുടെ കൈവെള്ളയിൽ വന്നാൽ ആർച്ചയുടെ കുഞ്ഞു തലോടലും താരാട്ടു പാട്ടും കൂടി ആകുമ്പോൾ കുട്ടികൾ ശാന്തരായി മാറുകയും, ഫോട്ടോക്ക് പോസ് ചെയ്യാൻ പാകമാവുകയും ചെയ്യും.
”തന്റെ മകന് ഏഴാം മാസത്തിൽ ജന്മം നൽകിയത് കൊണ്ട് തന്നെ അവന് താരതമ്യേന തൂക്കവും വലിപ്പവും കുറവായിരുന്നു. ആയതിനാൽ തന്റെ അരികിലെത്തുന്ന പ്രീമെച്ചർ ബേബികളെ തന്റെ ചൊല്പടിയിലെത്തിക്കാൻ ഇതുവരെ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നു ആർച്ച രാജഗിരി പറയുന്നു.
ഫോട്ടോഗ്രാഫിക്കൊപ്പം പൊക്കിൾക്കൊടി, പ്രഗ്നൻസി കിറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ആർച്ചയുടെ റെസിൻ ഫ്രെയ്മിനും ആവശ്യക്കാർ ഏറെയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080