Tuesday, August 26, 2025

കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ എഐ റിസപ്ഷനിസ്റ്റ്

സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലും എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും, നിർദ്ദേശങ്ങൾ നൽകുന്നതിനും, സംശയനിവാരണത്തിനും സാധിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് – ‘കെല്ലി’ സ്ഥാപിച്ചത്. ഇതിന്റെ തുടർച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടീവ് ഓഫീസിലും മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി എഐ റിസപ്ഷനിസ്റ്റ് സേവനം വ്യാപിപ്പിക്കുന്നു.

ബാങ്കിങ് സേവനങ്ങൾ, ക്ഷേമനിധി ഫീസ് അടയ്ക്കുന്നതിനുള്ള സംവിധാനം, ഫയലുകളുടെ തൽസ്ഥിതി അറിയാനുള്ള ഇ ആർ പി ഏകീകരണം, ചോദിക്കുന്നതിനുള്ള മറുപടികളുടെ പ്രിന്റ്ഔട്ട് ലഭ്യമാക്കുന്ന സംവിധാനം എന്നിവ ഉൾപ്പെടുത്തി നവീകരിച്ച സംവിധാനമാണ് പുതിയതായി സജ്ജീകരിക്കുന്നത്. ബോർഡിന്റെ പ്രവർത്തനങ്ങൾ മുഴുവനായും ഡിജിറ്റൽ പ്ലാറ്റഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി ക്ഷേമനിധി അംഗങ്ങൾക്കായി കെല്ലി – ആൻഡ്രോയിഡ്, ഐ ഒ എസ് മൊബൈൽ ആപ്ലിക്കേഷനും ഇതോടൊപ്പം തയ്യാറാകുന്നുണ്ട്.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി നൽകുന്നതിന് കഴിഞ്ഞ നവംബർ മുതൽ തിരുവനന്തപുരം ഓഫീസിൽ റിസപ്ഷൻ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്. ഓഫീസിൽ എത്തുന്നവർക്ക് കെല്ലിയോട് നേരിട്ട് ചോദിച്ചു ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയും. വിവരങ്ങൾ സ്‌ക്രീനിൽ ലഭ്യമാകുകയും കെല്ലിയുടെ വോയിസ് മറുപടി കേൾക്കാനും സാധിക്കും.

ആധുനിക നിർമിത ബുദ്ധി സാങ്കേതിക സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള Large Language Models (LLMs) മെറ്റയുടെ ലാമ 3 അടിസ്ഥാനമാക്കിയാണ് കെല്ലി വികസിപ്പിച്ചിരിക്കുന്നത്. ജനറേറ്റിവ് നിർമിത ബുദ്ധിയോടൊപ്പം ഇന്റർനെറ്റിൽ നിന്നും തത്സമയം ഡാറ്റകൾ ശേഖരിച്ച് അവ ക്രോഡീകരിച്ച് ഉത്തരം നൽകുന്നതിനും കെല്ലിയ്ക്ക് സാധിക്കും. ടച്ച് സ്‌ക്രീൻ കിയോസ്‌ക്കിലാണ് സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. വെർച്വൽ അസിറ്റന്റാണ് പ്രവർത്തികൾ നിർവഹിക്കുന്നതും മറുപടികൾ നൽകുന്നതും. ഫേസ് റെക്കഗ്‌നിഷൻ സൗകര്യവും ഏകോപിപ്പിച്ചിട്ടുണ്ട്. മുഖഛായകൾ ശേഖരിക്കാനും അത് തിരിച്ചറിഞ്ഞു വ്യക്തികളെ സ്വാഗതം ചെയ്യാനും അവരുമായി ആശയവിനിമയം നടത്താനും കഴിയും.

ഗൂഗിൾ വെബ് സെർച്ച് എൻജിൻ, ഫേസ് റെക്കഗ്‌നിഷൻ എ ഐ മോഡലുകൾ, ലാമ ഇൻഡക്‌സ്, സ്പീച്ച് കൺവെർഷൻ, ലാങ്ക്വേജ് കൺവെർഷൻ മോഡലുകൾ തുടങ്ങിയ നൂതന സാങ്കേതിക മാതൃകകളിലൂടെയാണ് കെല്ലി പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള നവീകരണം സംയോജിപ്പിക്കാൻ ശേഷിയുള്ളതാണ് കെല്ലി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ സർക്കാരിന്റെ ദിവസേനയുള്ള പ്രവർത്തനങ്ങളിൽ ഉപയോഗപ്രദമാക്കുന്നതിനുള്ള മികച്ച സംവിധാനമാണ് കെല്ലി റിസപ്ഷൻ പ്ലാറ്റ്‌ഫോമുകൾ.

കേരള ടൈലറിംഗ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡിന് വേണ്ടിയും കെല്ലി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ പദ്ധതിയുണ്ട്. കെല്ലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ പ്ലാറ്റ്‌ഫോം നിർമ്മിച്ചിരിക്കുന്നത് കെൽട്രോൺ ആണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts