കൊച്ചി : “സുരേഷ് ഗോപി കീ ജയ് “ വിളിച്ചു വരവേറ്റ് സഹതാരങ്ങൾ. അമ്മയിലെ ആദ്യ മെമ്പറായി രജിസ്റ്റർ ചെയ്ത സുരേഷ് ഗോപി നീണ്ട 27 വർഷത്തിന് ശേഷം സംഘടനയുടെ വേദിയിലെത്തി. കൊച്ചിയിൽ ഇന്നു നടന്ന അമ്മ ജനറൽ ബോഡിയിലാണ് സുരേഷ് ഗോപി എത്തിയത്. തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഉജ്ജ്വല സ്വീകരണമാണ് ജനറൽ ബോഡിയിൽ സുരേഷ് ഗോപിക്ക് ലഭിച്ചത്. വൈകിയെത്തിയ കേന്ദ്രമന്ത്രിയെ അംഗങ്ങളായ താരങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. വനിതാ അംഗങ്ങൾ കേന്ദ്രമന്ത്രിക്ക് ജയ് വിളിച്ചു വരവേറ്റു. തുടർന്ന് സുരേഷ് ഗോപിയെ അമ്മ നേതൃത്വം ഔദ്യോഗികമായി ആദരിച്ചു. അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു.
1997-ൽ നടന്ന ഒരു ഗൾഫ് ഷോയുമായി ബന്ധപ്പെട്ട് സംഘടനയിലുണ്ടായ ഭിന്നതയ്ക്ക് പിന്നാലെയാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടു നിൽക്കാൻ ആരംഭിച്ചത്. പലതവണ സുരേഷ് ഗോപിയെ അമ്മയിലേക്ക് മടക്കി കൊണ്ടു വരാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം അതു നിരസിച്ചു. ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി അമ്മയിൽ തിരിച്ചെത്തുകയായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X