മണ്ഡലകാലം പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തിയായി; സുഗമമായ മലകയറ്റവും ദർശനവുമാണ് ലക്ഷ്യം; എഡിജിപി.
ശബരിമല 27-12-2022: മണ്ഡലകാലം പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തിയായതിൽ പൊലീസ്ന് വലിയ സംതൃപ്തി ഉണ്ടെന്ന് എഡിജിപി എം.ആർ അജിത്. സുഗമമായ മലകയറ്റവും ദർശനവുമാണ് ലക്ഷ്യം.
മകരവിളക്കിന് വൻ തിരക്ക് ഉണ്ടാകും. വിപുലമായ തയാറെടുപ്പ് പൊലീസ് നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ, ദുരന്ത നിവാരണ സംഘം എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകുമെന്ന് എഡിജിപി അറിയിച്ചു.
നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാല മഹോത്സവത്തിനു പരിസമാപ്തികുറിച്ച് ഇന്ന് ശബരിമല സന്നിധിയിൽ മണ്ഡലപൂജ നടന്നു. .ഉച്ചയ്ക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേ ആണ് മണ്ഡലപൂജ നടന്നത്. മണ്ഡലപൂജയ്ക്ക് ശേഷം ഭക്തർക്ക് ദർശനത്തിനു സൗകര്യം ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് അടച്ച നട വൈകിട്ട് അഞ്ചു മണിക്ക് തുറന്നു.
തങ്കയങ്കി വിഭൂഷിതനായ അയ്യപ്പ വിഗ്രഹം ദർശിക്കാൻ സന്നിധാനത്ത് പുലർച്ചെ 3 മണിക്ക് നട തുറന്നതു മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. അരലക്ഷത്തോളം പേരാണ് വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനത്തിനു ശേഷം നട അടയ്ക്കും.
മുപ്പത് ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമലയിൽ ഈ മണ്ഡലകാലത്ത് ദർശനത്തിനായി എത്തിയത്. മണ്ഡല മഹോത്സവം കഴിഞ്ഞ് അടയ്ക്കുന്ന നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും.
Kundara MEDIA (കുണ്ടറ മീഡിയ) വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!