Tuesday, August 26, 2025

കൊല്ലം പൂരം: വെടിക്കെട്ട് പ്രകടനത്തിന് അനുമതിയില്ല; അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽകുമാർ

കൊല്ലം : ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള അപേക്ഷ നിരസിച്ചു. അന്നേദിവസം രാത്രി ഏഴ് മുതൽ ഒമ്പത് വരെ വെടിക്കെട്ട് നടത്തുന്നതിനാണ് ക്ഷേത്ര ഉപദേശ സമിതിക്ക് വേണ്ടി സെക്രട്ടറി അനിൽകുമാർ അപേക്ഷ സമർപ്പിച്ചത്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ജില്ലാ ഫയർ ഓഫീസർ എന്നിവരുടെ റിപ്പോർട്ട്, വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിന് ഈ സ്ഥലത്ത് പെസോ അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ മാഗസിൻ സ്ഥാപിക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.

കൂടാതെ പ്രസ്തുത സ്ഥലത്തിന്റെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ്, റിസ്‌ക്ക് അസസ്‌മെന്റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ, അനുബന്ധ സർട്ടിഫിക്കറ്റ്, സ്‌ഫോടക വസ്തുകളുടെ വിശദവിവരം എന്നിവ ഹാജരാക്കാത്തതും കൃത്യവും ആസൂത്രിതവുമായ മുന്നൊരുക്കങ്ങളും സുരക്ഷാ മുൻകരുതലുകളുമില്ലാതെ നടത്തുന്ന വെടിക്കെട്ട് പ്രദർശനവും ജില്ലയിൽ മുൻകാലങ്ങളിൽ ഉണ്ടാക്കിയ അപകടങ്ങളുടെ തീവ്രത കണക്കിലെടുത്തും ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് തീരുമാനം.

കൊല്ലം പൂരം നടക്കുന്ന ആശ്രാമം മൈതാനം നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഫ്‌ളാറ്റുകളും മറ്റുമുള്ള ജനവാസ മേഖലയാണ്. പതിനായിരകണക്കിന് ആളുകൾ പൂരം കാണാനും അനുബന്ധ കച്ചവടങ്ങൾക്കുമായി തിങ്ങിനിറയുന്ന അവസ്ഥയുണ്ടാകും. കൂടാതെ 30ൽ പരം ആനകൾ അണിനിരക്കുന്നതും വാഹനം പാർക്ക് ചെയ്യുന്നതും, ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ അടിയന്തര സാഹചര്യം പരിഗണിച്ച് വാഹനങ്ങൾ മാറ്റുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കും. മൈതാനത്തിന് നാലു വശത്തുകൂടി ഇലക്ട്രിസിറ്റി ലൈനുകൾ കടന്നുപോകുന്നതിന് പുറമേ ട്രാൻസ്‌ഫോമറുകളും സ്ഥിതി ചെയ്യുന്നുണ്ട്. ആശ്രാമം മൈതാനം സർക്കാർ പുറമ്പോക്ക് ഭൂമിയായതിനാൽ ഇവിടെ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള മാഗസീൻ സ്ഥാപിക്കാൻ സാധിക്കില്ല.

മൈതാനത്തിന് സമീപത്തായി 500 മീറ്റർ ചുറ്റളവിൽ ആയുർവ്വേദ ആശുപത്രി ഉൾപ്പെടെ സ്വകാര്യ-സർക്കാർ മേഖലയിലും നിരവധി ആശുപത്രികൾ സ്ഥിതിചെയ്യുന്നതിനാൽ വെടിക്കെട്ട് നടത്തുന്നത്മൂലം കിടപ്പ് രോഗികൾക്ക് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കും.
1990 ലെ മലനട വെടിക്കെട്ട് അപകടം, 2016 ലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ അപകടങ്ങളിൽ ഒട്ടേറെപേർ മരണപ്പെട്ടതാണ്. സമാനമായ അപകടം ഒഴിവാക്കുന്നതിന് ഒരു വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളിച്ച് സുരക്ഷിതമായി വെടിക്കെട്ട് ഈ പ്രദേശത്ത് നടത്തുന്നത് അപ്രായോഗികമാണെന്ന സാഹചര്യം കണക്കിലെടുത്താണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽകുമാർ അനുമതി നിഷേധിച്ച് ഉത്തരവിട്ടത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts