Sunday, March 1, 2026

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു.

കൊച്ചി: കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. “തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിമലയാണ് ഭാര്യ. മക്കൾ ചലച്ചിത്ര പ്രവർത്തകരായ : വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

നടൻ എന്നതിനു പുറമെ സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു.

മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു.”ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, അയാൾ കഥയെഴുതുകയാണ്, അക്കരെ അക്കരെ അക്കരെ, വരവേൽപ്, അറബിക്കഥ, ട്രാഫിക് തുടങ്ങിയവയിൽ അഭിനേതാവെന്ന നിലയിൽ ശ്രീനി തിളങ്ങി. സംവിധാനം ചെയ്‌ത ‘വടക്കുനോക്കി യന്ത്ര’വും ‘ചിന്താവിഷ്ടയായ ശ്യാമള’യും സൂപ്പർ ഹിറ്റായി. തമിഴിൽ ഉൾപ്പെടെ ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ശ്രീനിവാസൻ രചയിതാവെന്ന നിലയിൽ അതിലേറെ പ്രശസ്തി നേടി.”

തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രിൽ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്കൂൾ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു

കതിരൂർ ഗവ. ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തിൽ സജീവമായി. ജ്യേഷ്ഠൻ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് ‘ഘരീബി ഖഠാവോ’ നാടകം എഴുതി പാട്യം ഗോപാലന്റെ നിർദേശത്താൽ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവർത്തനങ്ങളിലും ശ്രീനിവാസൻ സജീവമായിരുന്നു. ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1977ൽ ഡിപ്ലോമയെടുത്തു. പ്രശസ്ത നടൻ രജനികാന്ത് സീനിയറായിരുന്നു. ആ വർഷം തന്നെ പി എ ബക്കർ സംവിധാനംചെയ്ത ‘മണിമുഴക്ക’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലും നാട്ടുകാരനുമായ എ പ്രഭാകരനും മറ്റും ചേർന്നു നിർമിച്ച് കെ ജി ജോർജ് സംവിധാനംചെയ്ത ‘മേള’യിൽ വേഷമിട്ടു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts