കാലാവസ്ഥാ മാറ്റം ചക്കയെയും ബാധിച്ചതോടെ വിയറ്റ്‌നാമിൽ നിന്ന് ഇറക്കുമതിചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ചക്കയും മൂല്യവർധിത ഉത്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതിചെയ്ത കേരളമാണ് ഇറക്കുമതിക്കൊരുങ്ങുന്നത്.
കഴിഞ്ഞവർഷം നാലുതവണ വിയറ്റ്‌നാമിൽനിന്നു കപ്പലിൽ ചക്ക കേരളത്തിലെത്തിച്ചു. ഇത്തവണ ഇത് അഞ്ചിരട്ടിയോളം വേണ്ടിവരുമെന്നാണ് കണക്ക്. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകൾ പൂട്ടാതിരിക്കാനാണ് ഇറക്കുമതിയെന്ന് ചക്കക്കൂട്ടം സംഘടന പറയുന്നു. 150ലധികം മൂല്യവർധിത ഉത്പന്നങ്ങളാണ് കേരളത്തിലെ സംസ്‌കരണ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്നത്.
ചക്ക ഇറക്കുമതിക്ക് ചെലവേറെയാണ്. നാട്ടിലെത്തിച്ച് കിലോക്ക് 150 രൂപയെങ്കിലും ലഭിച്ചാലേ മുതലാവൂ. കേരളത്തിൽ നിന്നു ലഭിക്കുന്ന ചക്കയിൽനിന്ന് 25 ശതമാനം ഉത്പന്നം ലഭിക്കും. എന്നാൽ, ഇറക്കുമതിച്ചക്കയിൽ നിന്ന് 16 ശതമാനം മാത്രമേ കിട്ടൂ. ശീതീകരിച്ച് എത്തിക്കുന്നതിനാൽ രുചിയും ഗുണമേന്മയും കുറയും.
കേരളത്തിലെ ചക്ക ഇത്തവണ മുൻവർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെയായി. മൊത്തവിലയിൽ കിലോക്ക് അഞ്ചു രൂപമുതൽ ലഭിച്ചിരുന്ന ചക്കയ്ക്ക് വില 20 രൂപയോളം കൂടി.
മേയ് പകുതിയായിട്ടും മിക്കസ്ഥലങ്ങളിലും ചക്ക വിളഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. ചക്ക ഉണ്ടായിത്തുടങ്ങേണ്ട കാലത്ത് ശക്തമായ മഴയായിരുന്നു. തടിയിൽ മഞ്ഞും വെയിലും ഒരുപോലെ ലഭിച്ചാലേ നല്ല വിളവുലഭിക്കൂ. ഒക്ടോബർമുതൽ ചക്ക പിടിച്ചുതുടങ്ങിയാൽ ജനുവരിമുതൽ ജൂൺമാസംവരെ ഇത് മൂത്ത് പഴുത്ത് എടുക്കാനാകും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp